India's Sanju Samson receives a throw during the Asia Cup 2025 Super Four Twenty20 international cricket match between Bangladesh and India at the Dubai International Stadium in Dubai on September 24, 2025. (Photo by Sajjad HUSSAIN / AFP)

ഇന്ത്യ–പാക് ത്രില്ലറില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലേ? ഹാര്‍ദികിന്‍റെ പരുക്ക് തലവേദനയാകുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി സഞ്ജുവും പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കരുത്തരായ പ്ലേയിങ് ഇലവന്‍ തന്നെയാകും പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറക്കുക. ജസ്പ്രീത് ബുംറയും ശിവം ദുബെയും ടീമിലേക്ക് മടങ്ങിയെത്തും. ശ്രീലങ്കയ്ക്കെതിരായ സൂപ്പര്‍ഫോറില്‍ ഇരുതാരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. 

India's Hardik Pandya bowls during the Asia Cup 2025 Super Four Twenty20 international cricket match between India and Sri Lanka at the Dubai International Stadium in Dubai on September 26, 2025. (Photo by Fadel SENNA / AFP)

അതേസമയം, ഹാര്‍ദിക് പാണ്ഡ്യ ഇറങ്ങുമോയെന്നതില്‍ ഇതുവരേക്കും തീരുമാനമായിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിനിടെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഹാംസ്ട്രിങ് മസിലിനേറ്റ പരുക്കിനെ തുടര്‍ന്ന് പാണ്ഡ്യ ഗ്രൗണ്ട് വിടുകയായിരുന്നു. കളിയില്‍ പിന്നീട് താരം ഇറങ്ങിയതുമില്ല. ഹാര്‍ദികിന്‍റെ സ്ഥിതി വിലയിരുത്തി വരികയാണെന്നും ബോളിങ് കോച്ച് മോര്‍ക്കല്‍ മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കുകയും ചെയ്തു. പാണ്ഡ്യ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചാല്‍ ബുംറയ്ക്കൊപ്പം സെക്കന്‍റ് പേസറാകും. പുറത്തിരിക്കുകയാണെങ്കില്‍ ശ്രീലങ്കയ്ക്കെതിരെ ഡെത്ത് ഓവറുകളില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിങ് ടീമിലെത്തും. തീര്‍ത്തും നിറംമങ്ങിയ ഹര്‍ഷിദ് റാണയ്ക്ക് പകരക്കാരനായി ശിവം ദുബെയും കളിക്കും.

ഏഷ്യകപ്പിലെ ഇതുവരെയുള്ള പ്രകടനം വച്ച് സഞ്ജു പ്ലേയിങ് ഇലവനില്‍ നിശ്ചയമായും ഇടം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്‍റി20യിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളും സഞ്ജുവാണെന്നതിലും തര്‍ക്കമില്ല. എന്നാല്‍ അവസാന മല്‍സരത്തിലെങ്കിലും ജിതേഷ് ശര്‍മയ്ക്ക് ഇടം കൊടുക്കാനുള്ള സാധ്യത ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒമാനെതിരെ നേടിയ അര്‍ധ സെഞ്ചറി ഉള്‍പ്പടെ  108 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ സഞ്ജുവിന്‍റെ സമ്പാദ്യം. ഓപ്പണറായിരുന്ന സഞ്ജുവിനെ ഗില്ലിന്‍റെ വരവോടെ ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിലേക്കും എട്ടാമനായും വരെ പരീക്ഷിച്ചു. ശ്രീലങ്കയ്ക്കെതിരെ അഞ്ചാമനായി ഇറങ്ങി നിര്‍ണായകമായ 39 റണ്‍സും സഞ്ജു നേടിയിരുന്നു.

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെ: അഭിഷേക് ശര്‍മ,  ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ,ഹാര്‍ദിക് പാണ്ഡ്യ/ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

പാക്കിസ്ഥാന്‍റെ പ്ലേയിങ് ഇലവന്‍ സാധ്യത: സാഹിബ്സദാ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്,  സല്‍മാന്‍ ആഗ, ഹുസൈന്‍ തലത്ത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹ്‍മദ്. 

ENGLISH SUMMARY:

Sanju Samson's inclusion in the India vs Pakistan match is uncertain. The potential absence of Hardik Pandya due to injury adds complexity to India's team selection for the crucial Asia Cup clash.