Image Credit: AFP
ഏഷ്യ കപ്പ് ഫൈനലിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യയുടെ രണ്ട് സൂപ്പര്‍താരങ്ങള്‍ പരുക്കിന്‍റെ പിടിയിലെന്ന് സൂചന. ശ്രീലങ്കയ്ക്കെതിരെ നടന്ന കളിക്കിടയിലാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റത്. ആദ്യ ഓവറില്‍ തന്നെ കുഷാല്‍ മെന്‍ഡിസിന്‍റെ വിക്കറ്റ് പാണ്ഡ്യ വീഴ്ത്തി. എന്നാല്‍ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ തുടയിലെ പേശീവലിവിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് താരം മടങ്ങി വന്നതുമില്ല.
ഏഷ്യകപ്പിലെ തന്നെ കൂറ്റനടിക്കാരനായി മാറിയ അഭിഷേക് ശര്‍മയാണ് പരുക്ക് ഭീഷണിയിലുള്ള രണ്ടാമത്തെ താരം. ലങ്കയ്ക്കെതിരെ 31 പന്തില്‍ നിന്നും 61 റണ്‍സെടുത്ത താരം 9.2 ഓവറില്‍ മടങ്ങി. കളിക്കിടയില്‍ ഇരുവര്‍ക്കും കടുത്ത പേശീവേദന അനുഭവപ്പെട്ടുവെന്ന് ഇന്ത്യയുടെ ബോളിങ് കോച്ച് മോണ്‍ മോര്‍ക്കല്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയെ നിരീക്ഷിച്ച് വരികയാണെന്നും അതിന് ശേഷം മാത്രം തീരുമാനം എടുക്കുകയുള്ളൂവെന്നും മോര്‍ക്കല്‍ വ്യക്തമാക്കി. അതേസമയം അഭിഷേകിന്‍റെ കാര്യത്തില്‍ വലിയ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യയുടെ പരുക്ക് ഭേദമായില്ലെങ്കില്‍ അര്‍ഷ്ദീപ് സിങാവും പകരക്കാരനായി ഇറങ്ങുക. സൂപ്പര്‍ ഓവറിലാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ജയം നേടിയത്.
ടൂര്‍ണമെന്‍റില്‍ ഒരു കംപ്ലീറ്റ് ഗെയിം ഇതുവരെ ഇന്ത്യ കളിച്ചെന്ന് താന്‍ കരുതുന്നില്ലെന്നും ഓരോ കളിക്കും ശേഷം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കാറുണ്ടെന്നും മോര്‍ക്കല്‍ പറഞ്ഞു. ബാറ്റിങില്‍ സ്ട്രൈക്ക് കൈമാറുന്നതും, വിക്കറ്റിനിടയിലെ ഓട്ടം വര്‍ധിപ്പിക്കണോ എന്നും കൂട്ടുകെട്ട് തകരാതെ നോക്കണോ എന്നുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. ബോളിങിലാണെങ്കില്‍ ലെങ്തിന്‍റെ മൂര്‍ച്ചയേറ്റണമെന്നും ആദ്യ പത്തോവറില്‍ കൃത്യത ഉറപ്പിക്കണമെന്നുമാണ് കരുതുന്നതെന്നും മോര്‍ക്കല്‍ വിശദീകരിച്ചു. ഫീല്‍ഡിങിലേക്ക് വരുമ്പോള്‍ ക്യാച്ച് എടുക്കുന്നതില്‍ പിഴവ് സംഭവിക്കാറുണ്ടെന്നും ഇതെല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ടീം ഇന്ത്യയ്ക്ക് ഇന്ന് പരിശീലനമില്ല. പൂര്‍ണവിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി.