FILE PHOTO: Smoke billows from Zayed port after an Iranian attack, following United States and Israel strikes on Iran, in Abu Dhabi, United Arab Emirates, March 1, 2026. Picture taken with phone. REUTERS/Abdelhadi Ramahi/File Photo
അബുദബി ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണാക്രമണം ഫലപ്രദമായി ചെറുത്തുവെന്ന് യുഎഇ. അതേസമയം, ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വീണ് ആറുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ICAD 2 ഏരിയയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ ഇതിന്‍റെ അവശിഷ്ടങ്ങള്‍ രണ്ടിടത്തായി വീണതാണ് ആളുകള്‍ക്ക് പരുക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടാക്കിയതെന്നുമാണ് അബുദബി മീഡിയ ഓഫിസ് വ്യക്തമാക്കുന്നത്.
പാക്കിസ്ഥാനി, നേപ്പാളി പൗരന്‍മാര്‍ക്കാണ് പരുക്കേറ്റത്. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ കണക്കിലെടുക്കാവുള്ളൂവെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കൃത്യമായ വിവരങ്ങള്‍ ജനങ്ങളെ യഥാസമയം അറിയിക്കുമെന്നും അബുദബി അധികൃതര്‍ വ്യക്തമാക്കി.
ആയത്തുല്ല ഖമനയിയെ യുഎസ്–ഇസ്രയേല്‍ സംയുക്ത സൈനിക നീക്കത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ ൈസനികത്താവളങ്ങള്‍ ഇറാന്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ആറാം ദിവസവും സംഘര്‍ഷത്തില്‍ തെല്ലും അയവില്ലാതെ തുടരുകയാണ്. ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ 20,000ത്തിലേറെ ഇസ്രയേലികളാണ് സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ജെറുസലേമിലടക്കം കനത്ത ആക്രമണമാണ് ഇറാന്‍ തുടരുന്നത്.
അതേസമയം യുഎസ്–ഇസ്രയേല്‍ ആക്രമണങ്ങളില്‍ 1230 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടു. ഇറാനിലെ രണ്ട് സ്കൂളുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായി. അതിനിടെ അസര്‍ബൈജാനിലേക്കും ഡ്രോണുകളെത്തി. എന്നാല്‍ അസര്‍ബൈജാനെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് ഇറാന്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്.