യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ ജീവിതത്തെയും സാമ്പത്തിക മേഖലയെയും സ്വാധീനിക്കുന്ന അഞ്ച് പ്രധാന നിയമ പരിഷ്കാരങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷ ശക്തമാക്കുന്നതിനൊപ്പം ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുകയാണ് പുതിയ തീരുമാനങ്ങളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ സുരക്ഷിതത്വം നൽകുന്ന ഈ നിയമങ്ങൾ ചെറുകിട ബിസിനസ് മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ഓരോ മാസത്തെയും ശമ്പളം അടുത്ത മാസം ഒന്നാം തീയതിക്കോ അതിന് മുൻപോ നൽകണമെന്ന വേതന സംരക്ഷണ നിയമമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശമ്പളം നൽകാൻ വീഴ്ച വരുത്തിയാൽ രണ്ടാം ദിവസം മുതൽ തന്നെ തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.അഞ്ചാം ദിവസത്തിനുള്ളിൽ മുഴുവൻ ശമ്പളവും കൈമാറിയില്ലെങ്കിൽ പുതിയ വീസകൾ എടുക്കുന്നതടക്കമുള്ള നടപടികൾ മന്ത്രാലയം തടയും. ഇരുപത്തിയൊന്നാം ദിവസവും ശമ്പളം കുടിശ്ശികയായാൽ ഉടമയ്ക്ക് യാത്രാവിലക്കും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
രാജ്യത്ത് സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനും സാമ്പത്തിക കരാറുകളിൽ ഏർപ്പെടുന്നതിനുമുള്ള പ്രായപരിധി ഇരുപത്തിയൊന്നിൽ നിന്നും പതിനെട്ട് വയസ്സായി കുറച്ചതാണ് മറ്റൊരു പരിഷ്കാരം. ബാങ്കിങ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഒടിപികൾ ഇനി വാട്സാപ്പിൽ ലഭിക്കില്ലെന്നും, പകരം എസ്എംഎസ് വഴിയോ ബാങ്കിങ് ആപ്പുകൾ വഴിയോ മാത്രമേ ലഭ്യമാകൂ എന്നും ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ദുബായിൽ പൊതു പാർക്കിങ് ഫീസിനും സാലിക് ടോൾ നിരക്കുകൾക്കും അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി നിർബന്ധമാക്കും. ദുബായിലെ റോഡുകളിൽ പേപ്പർ ടിക്കറ്റുകൾ പൂർണ്ണമായി ഒഴിവാക്കി ഡിജിറ്റൽ പാർക്കിങ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.