hardik-pandya

2018 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ അന്നു സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽനിന്നു പുറത്തേക്കു കൊണ്ടുപോയത്. അതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകൾ, മാസങ്ങൾ നീണ്ട വിശ്രമം, രണ്ടു വർഷത്തോളം ക്രിക്കറ്റിൽനിന്നു ബ്രേക്ക്. കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതി. അവിടെ നിന്ന് ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത ‘ക്യാപ്റ്റൻ പാണ്ഡ്യ’ ആയാണ് ഹാർദിക് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

 

ബാറ്റിങ്ങിലും ബോളിങ്ങിലും ഗ്രൗണ്ടിലെ പെരുമാറ്റത്തിലും ഉൾപ്പെടെ കൃത്യമായ അപ്ഡേഷൻ നടത്തിയ ശേഷമാണ് ഹാർദിക് തന്റെ ‘രണ്ടാം ഇന്നിങ്സ്’ ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അവസാന ഓവറിൽ ഹാർദിക് കാണിച്ച ആത്മവിശ്വാസവും പക്വതയും അതിനു തെളിവാണ്. ഇന്നലെ തന്റെ തിരിച്ചു വരവിന്റെ കഥ രണ്ട് ചിത്രങ്ങളിലൂടെ ഹാർദിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘തിരിച്ചടികളെക്കാൾ മഹത്തരമാണ് തിരിച്ചുവരവ്’– എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്.