Hardik-Pandya-IPL-Trophy

ഇത്തവണത്തെ താരലേലം കഴിഞ്ഞപ്പോൾ ക്രിക്കറ്റ് വിദഗ്ധർ കപ്പടിക്കാൻ സാധ്യതയില്ല എന്നു വിലയിരുത്തി പിന്നാമ്പുറത്തു നിർത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. പരുക്കിന്റെ ദീർഘകാല ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന, ഒരു ടീമിനെയും നയിച്ചു പരിചയമില്ലാത്ത ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻസി ഏൽപിക്കുക കൂടി ചെയ്തപ്പോൾ വിമർശകർ ഉറപ്പിച്ചു ‘ഈ ടീമിനു ഭാവിയില്ല’. ടൂർണമെന്റിന് തൊട്ടുമുൻപു പിൻവാങ്ങിയ ഇംഗ്ലിഷ് താരം ജെയ്സൻ റോയ് ‘അവസാന ആണിയും’ അടിച്ചു.

ഇങ്ങനെയൊരു ടീം ആദ്യ വരവിൽ തന്നെ കപ്പുമായി മടങ്ങണമെങ്കിൽ പിന്നെ അദ്ഭുതം സംഭവിക്കണം. സംഭവിച്ചത് അതുതന്നെയാണ്. ഐപിഎല്ലിൽ നവാഗതരായി വന്നു കപ്പടിച്ച ടീമിന്റെ നവാഗത ക്യാപ്റ്റൻ ആയി ഹാർദ്ദിക്‌ ഐപിഎല്ലിന്റെ ചരിത്രത്താളുകളിൽ തന്റെ പേരെഴുതുകയും ചെയ്തു. ഒരു ആഭ്യന്തര ടീമിനെപ്പോലും നയിച്ചു പരിചയമില്ലാത്ത ഹാർദിക്കിന്റെ പേര് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ഇന്ത്യൻ ടീമിന്റെ ഭാവി നായകസ്ഥാനത്തേക്കാണ്. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സു തുറന്നില്ലെങ്കിലും ആരാധകരെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു മോഹത്തെക്കുറിച്ച് ഐപിഎൽ ഫൈനലിനു ശേഷം ഹാർദിക് വാചാലനായി– അടുത്ത ലക്ഷ്യം ഇന്ത്യൻ ടീമിനൊപ്പം ട്വന്റി20 ലോകകപ്പ് കിരീടം!

ഈ ട്രോഫി സ്പെഷൽ

കളിക്കാരനായി മുൻപ് 4 വട്ടം ഐപിഎൽ കിരീടം നേടിയിട്ടുണ്ടെങ്കിലും നായകനെന്ന നിലയിലുള്ള ഈ നേട്ടം സ്പെഷലാണെന്നു ഹാർദിക്. ‘5 ഐപിഎൽ ഫൈനലുകൾ കളിച്ചു, അഞ്ചിലും ജയിക്കാനായി എന്നത് എന്റെ ഭാഗ്യം തന്നെ. മുംബൈയ്ക്കൊപ്പം മുൻപു നേടിയ 4 കിരീടങ്ങളും മഹത്തരം തന്നെ. പക്ഷേ ഇത്തവണ നേടിയതിനു കുറച്ചു കൂടി പ്രത്യേകതയുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് അഭിമാനിക്കാവുന്ന ഒരു ചരിത്രം ആദ്യ സീസണിൽത്തന്നെ ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.’

ഹാർദിക് മോഡൽ

എന്റെ ടീം ഐപിഎലിൽ സവിശേഷ ശൈലിയിൽ കളിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ആസ്വദിച്ചു. എല്ലാവരും എനിക്കൊപ്പം നിന്നു. ട്വന്റി20യെ ബാറ്റർമാരുടെ കളിയായി വിശേഷിപ്പിക്കുന്നുണ്ടാകാം. പക്ഷേ ക്യാപ്റ്റനായി നിയമിക്കപ്പെട്ടപ്പോൾ കോച്ച് ആശിഷ് നെഹ്റയ്ക്കൊപ്പം ചേർന്ന് ഞാൻ ആലോചിച്ചതു നല്ലൊരു ബോളിങ് യൂണിറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. മുഹമ്മദ് ഷമി (20 വിക്കറ്റ്), റാഷിദ് ഖാൻ (19 വിക്കറ്റ്), ലോക്കി ഫെർഗൂസൻ (12 വിക്കറ്റ്), യഷ് ദയാൽ (11 വിക്കറ്റ്).. അങ്ങനെ ടീമിലെടുത്തവരെല്ലാം ക്ലിക്കായി.

ലക്ഷ്യം ലോകകപ്പ്

ഇന്ത്യൻ ടീമിനൊപ്പം 2017ചാംപ്യൻസ് ട്രോഫി ഫൈനലും 2 ലോകകപ്പ് സെമിഫൈനലുകളും (2016 ട്വന്റി20 ലോകകപ്പ്, 2019 ഏകദിന ലോകകപ്പ്) കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു മുൻപ് എന്റെ വലിയ ആഗ്രഹങ്ങളിലൊന്ന്. അതു സഫലമായി. അടുത്ത ലക്ഷ്യം ലോകകപ്പ് നേടുക എന്നതു തന്നെ.

കുടുംബമാണ് ടീം

ഗുജറാത്ത് ടൈറ്റൻസ് ടീം അംഗങ്ങളെപ്പോലെ കുടുംബവും ഈ കിരീടയാത്രയിൽ ഒപ്പമുണ്ടായിരുന്നു. അമ്മ നളിനി, ഭാര്യ നടാഷ, മകൻ അഗസ്ത്യ, സഹോദരൻ ക്രുണാൽ, വൈഭവ്, സഹോദര ഭാര്യ പങ്കുരി എന്നിവരാണ് ഹാർദിക്കിന്റെ ഏറ്റവും ഉറ്റവർ. അച്ഛൻ ഹിമാൻഷു കഴിഞ്ഞ വർഷം മരിച്ചു. ‘നടാഷ പെട്ടെന്ന് ഇമോഷണൽ ആകുന്നയാളാണ്. പക്ഷേ, ഐപിഎലിൽ ഉടനീളം എന്റെ വലിയ കരുത്ത് നടാഷയായിരുന്നു.’’. ക്രുനാൽ  ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. പക്ഷേ, കിരീടനേട്ടത്തിനു ശേഷം ഫോണിൽ വിളിച്ചപ്പോൾ അവൻ സന്തോഷം കൊണ്ടു കരഞ്ഞു പോയി. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം..’– ഹാർദിക് പറഞ്ഞു.