ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ യോഗ്യൻ ഹാർദിക് പാണ്ഡ്യയാണെന്ന അഭിപ്രായം മുന്നോട്ടുവച്ച് മുൻ ഇന്ത്യൻ താരം വസിം ജാഫർ. 'ഋഷഭ് പന്തും രാഹുലുമല്ല, ഇന്ത്യൻ ടീമിനെ മുന്നോട്ടുകൊണ്ടുപോവാൻ കെൽപ്പുള്ള നായകൻ. അത് ഹാർദിക് പാണ്ഡ്യയാണ്' എന്നാണ് വസിം ജാഫർ പറഞ്ഞിരിക്കുന്നത്.
'ഒരു നല്ല നേതാവിന് ആവശ്യമായ എല്ലാ കഴിവുകളും ഹാർദിക്കിനുണ്ട്. ആളുകളെ നിയന്ത്രിക്കാനും അവരുടെ ഏറ്റവും മികച്ച കഴിവ് പുറത്തെത്തിക്കാനും ഹാർദിക്കിന് അസാമാന്യമായ കഴിവുണ്ട്. സ്വന്തം കഴിവ് പ്രദർശിപ്പിക്കാനും സമ്മർദമില്ലാതെ കളിക്കാനും ഹാർദിക്കിന് സാധിക്കുന്നു. ഇന്ത്യൻ ടീമിന്റെ നായകനാവാൻ ഹാർദിക്കിന് തന്നെയാണ് യോഗ്യത. രോഹിത് കളിക്കാത്ത സാഹചര്യത്തിൽ ഏകദിന, ട്വന്റി 20 ഫോർമാറ്റുകളിൽ ഹാർദിക്കിന് അവസരം കൊടുക്കാൻ സിലക്ടർമാർ തയ്യാറാവണം'- ജാഫർ കൂട്ടിച്ചേർത്തു.
'സാഹചര്യത്തിനനുസരിച്ച് കളിക്കുന്നയാളാണ് ഹാർദിക്. ഉത്തരവാദിത്തം കൂടുന്നത് അയാൾ ആസ്വദിക്കുന്നു. അങ്ങനെയുള്ളവർ ക്യാപ്റ്റൻസി പദവിയിൽ എത്തുന്നത് ടീമിന് എപ്പോഴും നല്ലതാണ്'- എന്ന് പറഞ്ഞ് 2022 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് എത്തിച്ച ഹാർദിക്കിന്റെ നായകമികവിനെയും ജാഫർ പ്രകീർത്തിച്ചു.