ഐഎസ്എലില്‍ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശജയം. മഡ്ഗാവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗോവയുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.
മുപ്പത്തേഴാം മിനിറ്റില്‍ ഫ്രെഡി ലല്ലാവ്മൗമയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മോണ്ടിനെഗ്രിന്‍ താരം നെബോജ്ഷ കൊസോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയര്‍ത്തി. അറുപത്തേഴാം മിനിറ്റില്‍ മുഹമ്മദ് നെമിലിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. എണ്‍പതാം മിനിറ്റില്‍ അമേയ് റണവാഡെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി.
ഇന്‍ജുറി ടൈമില്‍ ചിക്കി ഗോവയുടെ രണ്ടാം ഗോള്‍ നേടിയെങ്കിലും വിജയം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. ഗോവന്‍ മണ്ണില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണ് ഇത്. 2016ന് ശേഷം ആദ്യമായാണ് ഗോവയില്‍ ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.
ജയത്തോടെ അഞ്ചുമല്‍സരങ്ങളില്‍ നിന്ന് എട്ടുപോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. ഡിസംബര്‍ ആറിന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.