rahul-stalin-tn

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യയ്ക്ക് ഗുണകരമാണെന്നും 'തമിഴ്‌നാട് ഫസ്റ്റ്' എന്നതാണ് എക്കാലത്തെയും ഡിഎംകെ നിലപാടെന്നും എം.കെ.സ്റ്റാലിൻ. ബില്ലിനെ പിന്തുണച്ചില്ലെങ്കിൽ അത് സംസ്ഥാനത്തോടുള്ള വഞ്ചനയാകുമെന്നും, ഇക്കാര്യം ഇന്ത്യാസഖ്യ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാസഖ്യത്തിന് ബദൽ നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മണ്ഡല പുനർനിർണയം രാജ്യത്തിനും തമിഴ്‌നാടിനും ഏറെ ദോഷകരമാണെന്നും രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇക്കാര്യം സ്റ്റാലിനെ അറിയിച്ചിട്ടുണ്ടെന്നും ഡിഎംകെ നിലപാട് തനിക്ക് അറിയില്ലെന്നും രാഹുൽ പറഞ്ഞു. 

മണ്ഡല പുനര്‍നിര്‍ണ ബില്ലുമായി ബന്ധപ്പെട്ട് ഇന്ത്യാസഖ്യ നേതാക്കളും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചില്ല. നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയതോടെ അനുനയ നീക്കങ്ങൾ ഫലം കണ്ടില്ല. സോണിയ ഗാന്ധിയോട് ക്ഷമ ചോദിച്ച സ്റ്റാലിൻ, തന്റെ തീരുമാനം അറിയിച്ചു.  

ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഡിഎംകെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് അനുനയ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയത്. നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിപക്ഷ മുന്നണി നേതാക്കൾ മടങ്ങുകയായിരുന്നു.  

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യ നേതാക്കള്‍ രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ചെന്നൈയിലെത്തിയത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മമത ബാനര്‍ജി, എം.എ.ബേബി എന്നിവരടക്കം ഇന്ത്യാസഖ്യത്തിന്റെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വി.ഡി.സതീശനടക്കം മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.  

ENGLISH SUMMARY:

DMK chief M.K. Stalin and India Alliance leaders failed to reach a consensus on the constituency delimitation bill during crucial talks in Chennai. Stalin firmly maintained the 'Tamil Nadu First' stance, while Rahul Gandhi warned that the delimitation could harm southern states and democracy.