കെ.സുധാകരന്‍ എംപി നാളെ പാര്‍ലമെന്റിലെത്തും. ദുബായിലെ സ്വകാര്യ ആശുപത്രയില്‍നിന്ന് സുധാകരനെ ഡിസ്ചാര്‍ജ് ചെയ്തും. വിദഗ്ധ ഉപദേശത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരിക്കും കെ.സുധാകരന്‍റെ യാത്ര.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ. സുധാകരനെ തീവ്രപരിചരണ വിഭാഗത്തിൽ കയറി സന്ദര്‍ശിക്കാന്‍ മകൻ സഞ്ജോഗിന് അനുവാദം കിട്ടിയത്. സുധാകരൻ സംസാരിച്ചുവെന്നും നാളെ ഡൽഹിയിൽ പോകാൻ താൽപര്യം അറിയിച്ചെന്നും മകൻ പറഞ്ഞു. പുറമെ കുഴപ്പമില്ലെങ്കിലും സുധാകരന് ആന്തരിക പ്രശ്നങ്ങളാണെന്നു ഡോക്ടർ വിശദീകരിച്ചു. മകന്റെ ഉറപ്പിലാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് എഴുതി നൽകിയ ശേഷമാണ് ആശുപത്രി വിട്ടത്.
നാട്ടിലേക്കു തിരിക്കും മുൻപ് വിദഗ്ധ ഉപദേശത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ സുധാകരനെ പരിശോധനയ്ക്കു വിധേയമാക്കും. യാത്ര ചെയ്യാൻ കുഴപ്പമില്ലെന്ന് പറഞ്ഞാൽ ഇന്നു തന്നെ ഡൽഹിക്കു തിരിക്കും. ഓർമയുടെ ചെറിയ തകരാർ മാത്രമാണ് പ്രത്യക്ഷത്തിൽ കാണുന്നതെന്നു മകൻ പറഞ്ഞു.
കുടുംബത്തിന്റെ അനുമതിയില്ലാതെ സുധാകരനെ രാവിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതും സുധാകരന്റെ ആരോഗ്യനില വഷളാണെന്നു പറഞ്ഞതും വലിയ ദുരൂഹത സൃഷ്ടിച്ചിരുന്നു. ആശുപത്രിയിലെ മറ്റു സ്റ്റാഫുകളുടെ സഹായത്തോടെയാണ് ഐസിയുവിൽ മകനു കയറിക്കാണാനുള്ള അനുമതി ലഭിച്ചത്. സുധാകരനെ ചികിൽസിക്കുന്ന ഡോക്ടർ ഇന്ത്യക്കാരനാണെങ്കിലും മലയാളി അല്ലെന്നും സഞ്ജോഗ് പറഞ്ഞു.