Untitled design - 1

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഇംഗ്ലണ്ട്കാരന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിനെ നിയമിച്ചു. സീസണ്‍ അവസാനം വരെയാണ് കരാര്‍. മോശം പ്രകടനത്തിന്റെ പേരില്‍ സ്ഥാനം നഷ്ടമായ ദവീദ് കറ്റാലയ്ക്ക് പകരക്കാരനായാണ് നിയമനം.  ബംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച വെസ്റ്റ്‍വുഡ് എടികെ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. കൊച്ചിയിലെത്തിയ ആഷ്‌ലി വെസ്റ്റ്‌വുഡ് വരും ദിവസങ്ങളിൽ, ടീം പരിശീലനം പുനരാരംഭിക്കുന്നതോടെ സ്ക്വാഡിന്റെ ചുമതലയേൽക്കും

 

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തകർച്ചയ്ക്കു പിന്നാലെ പരിശീലക സ്ഥാനത്തു നിന്നു പുറത്തായ ദവീദ് കറ്റാല ഇന്ത്യ വിട്ടിരുന്നു. പ്രകടനം മോശമായതോടെ ഒഴിവാക്കാൻ ക്ലബ്ബും ഒഴിവാകാൻ കറ്റാലയും തീരുമാനിച്ചിരുന്നു. ശനിയാഴ്ച രാത്രി കൊച്ചിയിൽ പഞ്ചാബ് എഫ്സിയോടു ദയനീയമായി തകർന്നതു പുറത്താകലിനു വേഗം കൂട്ടി. കറ്റാലയുടെ തുടക്കം നന്നായിരുന്നു. സൂപ്പർ കപ്പിൽ ആദ്യ രണ്ടു കളികളും ജയിച്ച ടീം നോക്കൗട്ടിൽ മുംബൈ സിറ്റി എഫ്സിയോട് ഒരു ഗോളിനു തോറ്റെങ്കിലും പ്രകടനം മോശമല്ലായിരുന്നു. ഐഎസ്എൽ 12 –ാം സീസൺ പ്രതിസന്ധിയിലാകുകയും വൈകുകയും ചെയ്തതോടെ കറ്റാലയുടെ ‘ടീം’ പൊളിഞ്ഞു! അഡ്രിയൻ ലൂണയും ഹെസൂസ് ഹിമെനെയും നോവ സദൂയിയുമൊക്കെ ടീം വിട്ടു. 

 

ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതും മികച്ച വിദേശ താരങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നതും കറ്റാലയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചും ടീമിനൊപ്പം നിന്ന അദ്ദേഹത്തിനു പക്ഷേ, കിട്ടിയ താരങ്ങളെ കോർത്തിണക്കാനും അവർക്ക് ഇണങ്ങുന്ന ശൈലി രൂപപ്പെടുത്താനും കഴിഞ്ഞില്ല. പഞ്ചാബിനെതിരായ മത്സരത്തലേന്നു മാധ്യമ സമ്മേളനത്തിനൊടുവിൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഐ ആം വറീഡ്. ആകുന്നതെല്ലാം ചെയ്തു. പക്ഷേ... ഒരു ജയം! അതു മതിയായിരുന്നു. അതാണ് എന്റെ പ്രാർഥന’’ – പക്ഷേ, ആ മോഹം സാധ്യമായില്ല.

ENGLISH SUMMARY:

Kerala Blasters has appointed Ashley Westwood as their new coach, signing him until the end of the season to replace the dismissed David Català due to poor performance. Westwood, who previously coached Bengaluru FC to two I-League titles and a Federation Cup, has also managed ATK and Punjab FC, with his most recent role being the Hong Kong national football team coach.