ബെംഗളൂരു ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹത. ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എന്നാൽ, ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായതോടെയാണ് പുതിയ സംശയങ്ങൾ ഉയരുന്നത്.
ഒന്നാമത്തെ ചീമുട്ടയേറുണ്ടായ ഉടൻ തന്നെ ഡ്രൈവർ സമയോചിതമായി വണ്ടിയുടെ വേഗത കുറച്ചിരുന്നു. തുടർന്ന് വന്ന മുട്ടകൾ അതിവേഗത്തിൽ ബസിന്റെ പ്രധാന ചില്ലിൽ പതിച്ചെങ്കിലും, വൈപ്പർ ഉപയോഗിക്കാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ഡ്രൈവറുടെ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. എക്സ്പ്രസ് വേയിൽ അമിതവേഗത്തിലായിരുന്നിട്ടും ബസ് സുരക്ഷിതമായി സൈഡിലേക്ക് ഒതുക്കിനിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞിരുന്നു.
ഈ ശബ്ദസന്ദേശം കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിൽ മുട്ടയേറിന്റെ വശം കൂടി ഉൾപ്പെടുത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ENGLISH SUMMARY:
A tragic KSRTC bus accident near Bidadi in Bengaluru, which resulted in the deaths of the driver and conductor, is now being investigated for possible foul play involving egg throwing. Authorities initiated a high-level probe after reports emerged that another KSRTC bus faced similar egg attacks on the same route, raising suspicions that the previous crash might have been caused by a deliberate act. Although initial findings indicated the bus was speeding, a voice message from a driver on a subsequent trip revealed how egg attacks on windshields create dangerous visibility issues for vehicles traveling at high speeds. Officials are now examining whether this criminal activity contributed to the fatal accident, prompted by the alarming evidence shared by the KSRTC staff.