ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്, നിലവിലെ ചാംപ്യന്‍ മോഹന്‍ ബഗാനെ നേരിടും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മൂന്ന് മാസത്തിലേറെ വൈകിയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഇന്ത്യയിലെ ഒന്നാം നിര ഫുട്ബോള്‍ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ കിക്കോഫ്. വൈകിട്ട് അഞ്ച് മണിക്ക് സോള്‍ട് ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും ഏറ്റുമുട്ടും. ആരാധകരുടെ പ്രിയപ്പെട്ട ലൂണയും നോവ സദൂയിയും അയ്മന്‍-അസര്‍ സഹോദരങ്ങളും ഉള്‍പ്പടെ നിരവധി താരങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. കോച്ച് ദവീദ് കറ്റാലയുടെ നേതൃത്വത്തില്‍ ഒരുപിടി പുതിയ താരങ്ങളെ ടീമില്‍ എത്തിച്ചാണ് പുതിയ സീസണിനായി ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം.
സൂപ്പര്‍ കോച്ച് സെര്‍ജിയോ ലൊബേറയുടെ കീഴിലാണ് മോഹന്‍ ബഗാന്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. മറ്റ് ടീമുകളില്‍ നിന്ന് താരങ്ങള്‍ വ്യാപകമായി കൊഴിഞ്ഞുപോയപ്പോഴും പ്രധാനതാരങ്ങളെ എല്ലാം നിലനിര്‍ത്താന്‍ ബഗാന് ആയിട്ടുണ്ട്. അതിശക്തരായ ബഗാനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒട്ടം എളുപ്പമാകില്ല ഇന്നത്തെ മല്‍സരം. സോണി സ്പോര്‍സിലും ഫാന്‍കോഡ് ആപ്പിലും മല്‍സരങ്ങള്‍ തല്‍സമയം കാണാം.
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള പങ്കാളിത്തം റിലയന്‍സിന്റെ FSDL അവസാനിപ്പിച്ചത്തോടെയാണ് ഐ.എസ്.എല്‍ അനിശ്ചിതത്വത്തിലായത്. പുതിയ വാണിജ്യ പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തവണ ലീഗ് നടത്തുന്നത്. മല്‍സരങ്ങള്‍ പകുതിയോളമായി വെട്ടിച്ചുരുക്കിയ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഐ.എസ്.എല്‍.