ISL/Twitter
ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് നടന്ന ആവേശപ്പോരാട്ടത്തില്‍ മുഹമ്മദൻസ് സ്പോര്‍ട്ടിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ നാലാം ജയമാണിത്. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഫ്രാഞ്ചു, വിക്ടർ ബെർട്ടോമിയു, ശ്രീക്കുട്ടൻ എം.എസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. തുടർച്ചയായ മൂന്നാം വിജയവും തോൽവി അറിയാതെയുള്ള അഞ്ചാം മത്സരവും പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 14 പോയിന്റിമായി എട്ടാം സ്ഥാനത്തേയ്ക്കു കയറി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുനിന്നെങ്കിലും 42-ാം മിനിറ്റിൽ മഹിതോഷ് റോയിയുടെ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുഹമ്മദൻസ് സ്പോർട്ടിങ്ങാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകി. കെവിൻ യോക്കിന്റെ കൃത്യമായ പാസിൽ നിന്നും ഫ്രാഞ്ചു നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.രണ്ടാം പകുതിയിൽ കൂടുതൽ ഊർജ്ജസ്വലമായി കളിച്ച ബ്ലാസ്റ്റേഴ്‌സ് 59-ാം മിനിറ്റിൽ ലീഡെടുത്തു.
കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ നിന്നും വിക്ടർ ബെർട്ടോമിയു ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടി. 74-ാം മിനിറ്റിൽ മലയാളിയായ മുന്നേറ്റ താരം ശ്രീക്കുട്ടൻ എം.എസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു. ഫ്രാഞ്ചു നൽകിയ പാസ് പോസ്റ്റിന്റെ മൂലയിലേക്ക് എത്തിച്ചാണ് ശ്രീക്കുട്ടൻ ടീമിനായി മൂന്നാം ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അമർജിത് സിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻസിന് തിരിച്ചടിയായി.
രണ്ട് അസിസ്റ്റുകളുമായി കെവിൻ യോക്കും ഒരു ഗോളും അസിസ്റ്റുമായി ഫ്രാഞ്ചുവും ബ്ലാസ്റ്റേഴ്‌സ് നിരയിൽ തിളങ്ങി. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മേയ് പതിനെട്ടിന് തങ്ങളുടെ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ കൊച്ചിയിൽ നേരിടും.