vineeth-rafi-speak-on-manjappada-blasters

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളി ബഹിഷ്കരിച്ച മഞ്ഞപ്പടയ്ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ നെടുംതൂണുകളായിരുന്ന മുഹമ്മദ് റാഫിയും, സി.കെ.വിനീതും. കളി ബഹിഷ്ക്കരിക്കാൻ പറയുന്നവർ ആരാധകരല്ലെന്ന് ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു. താന്‍ മഞ്ഞപ്പടയോട് ചോദ്യങ്ങൾ ചോദിക്കുന്നില്ല കാരണം ഈ ബഹഷ്കരണം കളി തോൽക്കുന്നതുകൊണ്ടല്ല, മറിച്ച് മുന്‍പും ഉണ്ടായിട്ടുണ്ടെന്നുമായിരുന്നും വിനീത് പറഞ്ഞു.

‘നമുക്ക് സോഷ്യൽ മീഡിയയിലാണ് ഫാന്‍സ് കൂടുതൽ ഉള്ളത്. ഞാൻ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. അതായത് ഏറ്റവും കൂടുതൽ ആളുകള്‍ കളി കാണാന്‍ വന്നിരുന്ന വരുന്ന സമയം. നമ്മൾ തോൽക്കുമ്പോൾ ആൾക്കാർ പോകുന്നു എന്നുള്ളത് നമ്മുടെ ഒരു കള്‍ചര്‍ ആണെന്ന് വേണമെങ്കിൽ കാണാം. ഞങ്ങൾ ചോദിക്കുന്നത് ഒറ്റ ചോദ്യമാണ്. ഈ പറയുന്ന ഫാന്‍ ഗ്രൂപ്പ് ഇപ്പോള്‍ ഒരു സംഘടന എന്നുള്ള രീതിയിലാ പോയിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ തലപ്പത്ത് ആൾക്കാരുണ്ടാവും. പക്ഷേ അത് ആരാണ്? അറിയില്ല! ആരാണ് ഈ ബഹിഷ്കരണം പ്രഖ്യാപിച്ചത്? അറിയില്ല! എന്താണ് ഇവരാരും മുന്നോട്ട് വരാത്തത്?’– വിനീത് ചോദിക്കുന്നു.

ഐഎസ്എല്‍ നല്ലരീതിയില്‍ പോകാനായിട്ട് എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടത് എന്ന ചോദ്യത്തിന് അടുത്ത പ്രാവശ്യം ഐഎസ്എല്‍ നടക്കുമെന്ന് ഉറപ്പുണ്ടോ എന്ന മറുചോദ്യമായിരുന്നു വിനീതിന്‍റെ മറുപടി. ഒരു ഉറപ്പും ഇല്ലെന്നും കാരണം ഒന്നും മാറിയിട്ടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അതേസമയം ഒരുപാട് സഹിച്ചാണ് ഇവിടെവരെ എത്തിയതെന്നും കളിക്കാരെ പിന്തുണയ്ക്കുകയും ടീമിനെ നിലനിര്‍ത്തുകയും വേണമെന്നും മുഹമ്മദ് റാഫിയും പ്രതികരിച്ചു. മാനേജ്മെന്റിനെ ബഹിഷ്കരിച്ചാലും കളിക്കാരെ ബഹിഷ്കരിക്കാൻ പറ്റില്ല. കളിക്കാര്‍ക്ക് വേണ്ട ഊർജ്ജം തരുന്നത് സപ്പോർട്ടേഴ്സ് ആണെന്നും റാഫി പറഞ്ഞു.

നേരത്തേയും ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മല്‍സരങ്ങൾ ബഹിഷ്‌കരിക്കുന്ന മഞ്ഞപ്പടയ്‌ക്കെതിരെ വിനീത് രംഗത്തെത്തിയിരുന്നു. ക്ലബിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് മാനേജ്‌മെന്റിന് റോളുണ്ടോ ഇല്ലയോ എന്ന കാര്യം വേറെയാണെന്നും തോൽക്കുമ്പോഴും ജയിക്കുമ്പോഴും ടീമിനൊപ്പം നിൽക്കുന്നവരാണ് യഥാർഥ ആരാധകരെന്നും വിനീത് പറഞ്ഞിരുന്നു. മറ്റു ടീമുകൾ ബ്ലാസ്റ്റേഴ്സ് എന്ന ടീമിനേക്കാൾ പേടിച്ചിരുന്നത് ഗാലറിയിലുണ്ടായിരുന്ന നിങ്ങളെയാണെന്നും വിനീത് പറയുകയുണ്ടായി. ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിൽ നടന്ന ജംഷഡ്‌പൂർ എഫ്സിക്കെക്കെതിരായ മത്സരത്തിന് ശേഷം ഒഴിഞ്ഞ ഗ്യാലറിയുടെ ഫോട്ടോ പങ്കുവച്ചായിരുന്നു വിനീതിന്‍റെ പ്രതികരണം.

അതേസമയം, ഇന്നലെ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ മുഹമ്മദൻസ് സ്പോര്‍ട്ടിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ നാലാം ജയമാണിത്. തുടർച്ചയായ മൂന്നാം വിജയവും തോൽവി അറിയാതെയുള്ള അഞ്ചാം മല്‍സരവുമാണ്. ഇതോടെ 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മെയ് പതിനെട്ടിന് തങ്ങളുടെ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നേരിടും.

ENGLISH SUMMARY:

Former Indian football stalwarts CK Vineeth and Mohammed Rafi have come down heavily on the supporters' group 'Manjappada' for their decision to boycott Kerala Blasters' ISL matches. Speaking to Manorama News, Vineeth stated that those who call for a boycott during tough times cannot be considered true fans and questioned the faceless leadership of the fan group. Mohammed Rafi added that while fans may have issues with the management, they should not abandon the players who draw their energy from the crowd. Despite the boycott calls, Kerala Blasters secured a convincing 3-1 win against Mohammedan Sporting, marking their third consecutive victory. The team currently sits in eighth place with 14 points and is preparing for its final season match against FC Goa on May 18.