Image credit: AFP
ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് കൈമാറുമെന്നും പകരം പേസര്‍ അര്‍ഷ്ദീപ് സിങിനെ സ്വീകരിക്കുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ലേലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. 18 കോടിയാകും പഞ്ചാബിലേക്ക് എത്തുമ്പോള്‍ ഹാര്‍ദികിന് ലഭിക്കുക. മുംബൈ ഇന്ത്യന്‍സില്‍ ഇത് 16.35 കോടിയായിരുന്നു. അര്‍ഷ്ദീപാവട്ടെ നിലവില്‍ 18 കോടി വാങ്ങുന്നുണ്ട്. ഇതേ പ്രതിഫലം മുംബൈയില്‍ നിന്നും ലഭിക്കും. Also Read: 'ഏകദിന ലോകകപ്പിന് ആ സൂപ്പര്‍താരം ഉണ്ടാകുമെന്ന് ഉറപ്പില്ല'! തുറന്ന് പറഞ്ഞ് അശ്വിന്‍
താരക്കൈമാറ്റത്തെ കുറിച്ചുള്ള സൂചനകള്‍ അര്‍ഷ്ദീപിന്‍റെ പിതാവ് ദര്‍ശന്‍ സിങ് കഴിഞ്ഞ ദിവസം വിഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. കരാറിന്‍റെ ഭാഗമായി ഹാര്‍ദിക് പഞ്ചാബിലെത്തുമോ എന്നതില്‍ തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 'ട്രേഡ് നടന്നുവെന്ന് ഞങ്ങളും അവിചാരിതമായാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും. ജന്‍മനാടിനോടെന്ന പോലെയുള്ള ഇഷ്ടം എല്ലാവര്‍ക്കും മനസിലുണ്ടാകുമല്ല. പഞ്ചാബ് കിങ്സും അര്‍ഷ്ദീപിന് അത്തരമൊരിടമായിരുന്നു. അതുകൊണ്ട് തന്നെ അതല്‍പ്പം വൈകാരികവുമാണ്'- എന്നായിരുന്നു ദര്‍ശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രോഹിതിനും സൂര്യകുമാറിനും ബുംറയ്ക്കുമൊപ്പം തന്‍റെ മകന്‍ കളിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഹാര്‍ദികിന്‍റെ കൂടുമാറ്റം ഉറപ്പിച്ചാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു വിനോദും മുംബൈ ഇന്ത്യന്‍സിലേക്ക് എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാം വരവില്‍ മൂന്ന് സീസണുകളിലാണ് ഹാര്‍ദിക് മുംബൈക്കൊപ്പം ഉണ്ടായിരുന്നത്. 39 കളികളില്‍ നിന്നായി 647 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നേടിയ 48 റണ്‍സാണ് മികച്ച സ്കോര്‍. 29 വിക്കറ്റുകളും ഒരു വട്ടം അഞ്ച് വിക്കറ്റ് നേട്ടവും ഹാര്‍ദിക് ഇക്കാലയളവില്‍ സ്വന്തം പേരിലാക്കി. 2025 ലെ സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായിരുന്നു. 2024ലും 2026ലും ഒന്‍പതാമതുമായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഹാര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
അരങ്ങേറ്റം മുതലുള്ള എട്ട് സീസണുകള്‍ക്ക് ശേഷമാണ് അര്‍ഷ്ദീപ് പഞ്ചാബ് വിടുന്നത്. 2019ലായിരുന്നു ഇടങ്കയ്യന്‍ ഫാസ്റ്റ് ബോളറായി അര്‍ഷ്ദീപിന്‍റെ അരങ്ങേറ്റം. 96 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നായി 111 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്സിനായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരവും അര്‍ഷ്ദീപാണ്.
Google Trending Topic: Shreyas Iyer