അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ എന്നിവര്‍. ഫയല്‍ ചിത്രം (PTI)
2027 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ ഉറപ്പായും ഇടം പിടിക്കുമെന്നും എന്നാല്‍ മുഹമ്മദ് സിറാജ് കാണുമോയെന്ന് സംശയമുണ്ടെന്നും ആര്.അശ്വിന്. ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, സിറാജ്, അന്‍ഷുല്‍ കംബോജ്, അക്വിബ് നബി എന്നിവരില്‍ നിന്നാകും ബുംറയെ കൂടാതെയുള്ള പേസര്‍മാരെ തിരഞ്ഞെടുക്കുക. സിറാജ് ടീമിലുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ അതിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
'പോരാട്ടം കഠിനമാണ്. ബുംറ നേരത്തെ സ്ഥാനം ഉറപ്പിച്ചു. സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി കാണുമ്പോള്‍ അദ്ദേഹം ടീമിലുണ്ടാകുമോ എന്നതില്‍ സംശയമുണ്ട്. വിദേശത്തെ പിച്ചുകളിലും സാഹചര്യങ്ങളിലും ഉള്ള പരിചയം കണക്കിലെടുത്ത് സിറാജ് ടീമില്‍ ഇടം പിടിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്' – അശ്വിന് തന്റെ യൂട്യൂബ് ചാനലില്‍ പ്രതികരിച്ചു. 2023 ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ സ്ഥിരമായി കളിച്ചിരുന്നുവെങ്കിലും പിന്നീടിങ്ങോട്ടുള്ള ഏകദിനങ്ങളില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് സിറാജിന് ലഭിച്ചത്.
ഗുര്നൂറിനെയും പ്രസിദ്ധ് കൃഷ്ണയെയും പരിഗണിച്ചാല്‍, പരുക്കില്ലെങ്കില്‍ പ്രസിദ്ധിനാകും മുന്‍ഗണനയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അശ്വിന് വ്യക്തമാക്കി. 'അര്‍ഷ്ദീപ് നന്നായി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലെഫ്റ്റ് ആമര്‍ ആംഗിള്‍ പരിഗണിക്കേണ്ടതുണ്ട്. ഗുര്‍നൂറും ടീമില്‍ ഇടത്തിനായുള്ള മല്‍സരത്തിലുണ്ട്. അന്ഷുളിനെ കൂട്ടേണ്ടതില്ല. ടൂര്ണമെന്റിനോട് അടുക്കുമ്പോഴുള്ള പരുക്കും പ്രകടന മികവുമാകും പരിഗണിക്കപ്പെടുകയെന്നാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും ലോകകപ്പ് ടീമിലെ ഇടത്തിനായി എല്ലാവരും മല്‍സരിക്കുന്നുണ്ട്'- അശ്വിന് വിശദീകരിച്ചു.
2025 ലെ ചാംപ്യന്‍സ് ട്രോഫിയില്‍ മുഹമ്മദ് ഷമി, ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍. ബുംറ കളിച്ചിരുന്നില്ല. നിലവില്‍ ഷമി ചിത്രത്തിലേ ഇല്ല. പുതുമുഖങ്ങള്‍ നിരവധിയുണ്ട് താനും. ഈ വര്‍ഷം ഇതുവരെ പലവട്ടം ഹര്‍ഷിദ് റാണയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ 2025ല്‍ ഏകദിന വിക്കറ്റ് വേട്ടക്കാരില്‍ രാജ്യത്ത് ഒന്നാമതായിരുന്നുവെങ്കിലും ഹര്‍ഷിദിന് അടുത്ത ലോകകപ്പിനുള്ള സാധ്യത വിരളമാണ്. പ്രസിദ്ധ് കൃഷ്ണ പരുക്കിന്റെ പിടിയിലും ബുംറയ്ക്ക് വിശ്രമവും അനുവദിച്ചതോടെ പുതുമുഖങ്ങള്‍ക്കാണ് ന്യൂസീലന്‍ഡിനെതിരെയും അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അന്‍ഷുള്‍ കംബോജ് പ്ലെയര്‍ ഓഫ് ദ് മാച്ചും രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടി അക്വിബ് നബിയും തിളങ്ങി.