Mumbai Indians' Indian cricket player Rohit Sharma reacts as he suffers an injury during the 2026 Indian Premier League (IPL) T20 match between Mumbai Indians and Royal Challengers Bengaluru at the Wankhede Stadium in Mumbai on April 12, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
രോഹിത് ശര്‍മയില്ലാത്തൊരു മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? ഐപിഎല്‍ കരിയറിലെ ആറ് കിരീട നേട്ടങ്ങളില്‍ അഞ്ചിലും മുംബൈ ഇന്ത്യന്‍സിലായിരുന്ന താരം ഫ്രാഞ്ചൈസി വിടുകയാണോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ടെലിവിഷന്‍ ഷോയ്ക്കിടെ രോഹിതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ലഭിച്ച തമാശ കലര്‍ന്ന ഓഫറാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഓഫറിനുള്ള മറുപടിയും താരം ഉടനടി നല്‍കി.
സോണി സംഘടിപ്പിച്ച 'ഫാമിലി ടൈം വിത്ത് രോഹിത് ശര്‍മ' എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. കൊല്‍ക്കത്തയുടെ നിലവിലെ മുഖ്യ പരിശീലകനും രോഹിതിന്‍റെ ഉറ്റ സുഹൃത്തുമായ അഭിഷേക് നായരായിരുന്നു പരിപാടിയിലെ അതിഥി. മഞ്ഞ നിറത്തിലെ വസ്ത്രം ധരിച്ചെത്തിയ രോഹിതിനോട് അടുത്ത ഫ്രാഞ്ചൈസിയുടെ സൂചനയാണോയെന്ന് ചെന്നൈ സൂപ്പര്‍കിങ്സിനെ ഉദ്ദേശിച്ച് അഭിഷേക് ചോദ്യമെറിഞ്ഞു. അമ്പരന്ന് നിന്ന രോഹിതിനോട് പര്‍പ്പിളും ഗോള്‍ഡുമിട്ടാലും നന്നായി ഇണങ്ങുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ഇതോടെ രോഹിതും ചിരിച്ചു പോയി. കാണികള്‍ക്കിടയില്‍ നിന്നും മുംബൈ, മുംബൈ എന്ന് ആര്‍പ്പുവിളി ഉയര്‍ന്നതോടെ 'എക്കാലവും' എന്ന് താരം മറുപടി നല്‍കുകയായിരുന്നു. ഇത് മുംബൈയോടുള്ള രോഹിതിന്‍റെ സ്നേഹവും കൂറും കാണിക്കുന്നതാണെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഈ മാസം 27ന് ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്കായി കളിക്കും. ഇംഗ്ലണ്ട് പര്യടനത്തോടെ വിരമിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവരികയും ഇത് വന്‍ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2027 ലെ ഏകദിന ലോകകപ്പോടെ വിരമിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നായിരുന്നു രോഹിത് വ്യക്തമാക്കിയത്.
2023 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ട രോഹിതും സംഘവും 2027 ലെ ലോകകപ്പ് നേടാമെന്ന പ്രതീക്ഷയിലാണ്. പക്ഷേ അപ്പോഴേക്കും രോഹിതിന് 40 തികയുമെന്നും അത് ടീമിന് ഗുണം ചെയ്യില്ല, പകരക്കാരനെ നിശ്ചയിക്കണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. 2027 ലെ ലോകകപ്പ് കളിക്കുമോയെന്ന് അടുത്തയിടെ വീണ്ടും ചോദ്യം ഉയര്‍ന്നതോടെ '2027 ഒക്ടോബര്‍ എന്ന് പറയുന്നതിന് ഇനിയും കുറേ സമയമുണ്ട്. അക്കാര്യം നമുക്ക് അപ്പോള്‍ നോക്കാം' എന്നായിരുന്നു താരത്തിന്‍റെ മറുപടി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക.