ഐ.പി.എല്‍ ഫൈനലില്‍ വിരാട് കോലി മിഡ് ഓഫിലേക്ക് കളിച്ച പന്ത് ശുഭ്‌മന്‍ ഗില്‍ പിടിച്ച സെക്കന്‍ഡില്‍ത്തന്നെ തീരുമാനം ടെലിവിഷന്‍ അംപയറിന് വിടാന്‍ കോലി തിടുക്കപ്പെട്ടുവെന്ന് ഫൈനല്‍ നിയന്ത്രിച്ച അംപയര്‍ കെ.എന്‍.അനന്തപത്മനാഭന്‍ മനോരമ ന്യൂസിനോട് . മിഡോഫില്‍ ഗില്‍ ക്യാച്ച് എടുക്കുമ്പോള്‍ പന്ത് നിലംതൊട്ടോയെന്ന് വ്യക്തമായിരുന്നില്ല. 15 സെക്കക്കന്‍ഡിനുള്ളില്‍ തീരുമാനം ടി.വി അംപയര്‍ക്ക് വിട്ടു. ഗില്ലിനും പന്ത് നിലംതൊട്ടോയെന്ന് സംശയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ക്ഷമതയിലും കളിയോടുള്ള സമര്‍പ്പണത്തിലും വിരാട് കോലി ഏതു തലമുറയ്ക്കും മാതൃകയാണ്. മുഴുവന്‍ ഓവറും കോലി കളിക്കളത്തിലുണ്ടാകും.
ഈ ഐ.പി.എല്‍ സീസണില്‍ അമ്പരപ്പിച്ചത് വൈഭവ്സൂര്യവംശി തന്നെയാണ്. ഈ പതിനഞ്ചുകാരന്‍ ക്രിക്കറ്റിന്‍റെ എല്ലാ അതിര്‍ത്തികളും മാറ്റിവരയ്ക്കുകയാണ്. റെക്കോര്‍ഡുകളൊക്കെ ഒന്നൊന്നായി വഴിമാറുകയാണ്. ഇരുപത് ഓവര്‍ തികച്ച് കളിച്ചാല്‍ അവന്‍ ക്രിസ് ഗെയ്‌ലിന്‍റെ 175 റണ്‍സ് റെക്കോര്‍ഡൊക്കെ വളരെയെളുപ്പം മറികടക്കും. അതേസമയം അംപയര്‍ എന്ന നിലയില്‍ മൈതാന മധ്യത്ത് നില്‍ക്കുമ്പോള്‍ കളി ആസ്വദിക്കാനാകില്ല. കളിക്കാരന്‍റെ ചലനങ്ങളില്‍ മാത്രമാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അനന്ത പത്മനാഭന്‍.
Also Read: 'രാധേ രാധേ' ചൊല്ലി കോലിയും അനുഷ്കയും; കിരീടത്തിന് പിന്നാലെ നഗ്നപാദരായി ഗുരുവിന് മുന്‍പിലേക്ക്
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഐ.പി.എല്‍ ഫൈനലില്‍ കളി നിയന്ത്രിച്ചത് മുഴുവന്‍ ഇന്ത്യക്കാരായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരാകട്ടെ മലയാളികളും . അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് കളി നിയന്ത്രിച്ചത്. ജയരാമന്‍ മദനഗോപാലായിരുന്നു ടിവി അംപയര്‍. വീരേന്ദര്‍ ശര്‍മ റിസര്‍വ് അംപയറും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുമായിരുന്നു. 1.50 ലക്ഷം കാണികളുടെ ആര്‍പ്പുവിളികളുടെ മധ്യത്തില്‍ വലിയ കാര്‍ണിവല്‍ പോലുള്ള അന്തരീക്ഷമായിരുന്നു സ്റ്റേഡിയത്തിലെന്ന് അനന്തന്‍. കേരളത്തിന്‍റെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളായ അനന്തപത്മനാഭന് കയ്യെത്തും ദൂരത്താണ് ഇന്ത്യന്‍ കുപ്പായം കിട്ടാതെ പോയത്. തുടര്‍ന്ന് അംപയറിങ് രംഗത്ത് കാല്‍വച്ച അനന്തന്‍ ആദ്യമായാണ് ഐ.പി.എല്‍. ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ ആകുന്നത്. ഇതിന് മുമ്പ് ടി.വി അംപയറായിട്ടുണ്ട്.