hardik-pandya

14 മത്സരങ്ങളിൽ 10 എണ്ണത്തിലും തോൽവി, പോയന്‍റ് പട്ടികയില്‍ എട്ട് പോയന്‍റുമായി ഒന്‍പതാം സ്ഥാനത്ത്; ഐപിഎല്ലിലിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘തല’ മാറ്റം ഒരു തുടക്കം മാത്രമാണ്. ക്യാപ്റ്റന്‍സിയില്‍ തുടങ്ങി തങ്ങളുടെ ടീമിൽ ഒന്നാകെ മാറ്റം വരുത്താന്‍ മുംബൈ ഒരുങ്ങുന്നതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹാർദിക് നായകസ്ഥാനത്ത് തുടരുന്നതിൽ മാനേജ്‌മെന്റിന് താത്പര്യമില്ലെന്നും സീസണിലുടനീളം ഇതിന്‍റെ സൂചനകളുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസിനെതിരായ സീസണിലെ അവസാന മത്സരത്തിന് ശേഷം പരിശീലക സംഘം ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സീനിയര്‍ കളിക്കാര്‍, അവര്‍ എവിടെയെല്ലാം കളിച്ചവരായാലും പരിശീലനം നിര്‍ബന്ധമാണെന്ന് പരിശീലക സംഘം വളരെ വ്യക്തമായി പറഞ്ഞിരുന്നു. എന്നാല്‍ താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കില്ലെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. എല്ലാ ഓപ്ഷനുകളും പരിഗണിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഹാർദികിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല, ഒരു കളിക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ടീമിൽ തുടരാന്‍ കഴിയുമോ? പ്ലെയിങ് ഇലവന്‍ സ്ഥാനം നിലനിര്‍ത്താനാകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സീസണിൽ ദയനീയ പ്രകടനമായിരുന്നു ഹാര്‍ദികിന്‍റേത്. സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ 23 ശരാശരിയില്‍ 138 സ്ട്രൈക്ക് റേറ്റോടെ 206 റണ്‍സാണ് നേടിയത്. നാലു വിക്കറ്റ് മാത്രമാണ് നേടാനായത്. പരുക്കേറ്റതോടെ നാലു മത്സരങ്ങള്‍ താരത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.

ഹാര്‍ദികിന്‍റേ പ്രകടനം മാത്രമല്ല, പവർപ്ലേയിലെ തണുത്ത പ്രകടനവും മുംബൈക്ക് വിനയായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾ ആദ്യ ആറ് ഓവറുകളിൽ തന്നെ മികച്ച സ്കോറുകള്‍ നേടിയിരുന്നപ്പോള്‍ തുടക്കത്തിൽ റണ്‍സ് എടുക്കുന്നതില്‍ മുംബൈ ഇന്ത്യൻസ് പലപ്പോഴും പരാജയപ്പെട്ടിരുന്നു.

ഹാര്‍ദികിന്‍റെ നായക സ്ഥാനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ മുംബൈയുമായുള്ള ഹാര്‍ദികിന്‍റെ ബന്ധം എപ്പോഴും സങ്കീർണ്ണമായിരുന്നു എന്നും ഓര്‍ക്കണം. 2022 ൽ മുംബൈയില്‍ നിന്നാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റൻസിലെത്തുന്നത്. അതേവര്‍ഷം ഹാര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് ഐപിഎല്‍ കിരീടം ചൂടി. പിന്നീട് 2024 ൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഹാര്‍ദിക് മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു, എന്നാല്‍ ഹാര്‍ദികിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആ സീസണില്‍ മുംബൈ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായാണ് ഫിനിഷ് ചെയ്തത്. 2025-ൽ വീണ്ടും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തോന്നിച്ചെങ്കിലും ഈ സീസണില്‍ ആ പ്രതീക്ഷകളും പൂര്‍ണമായി അവസാനിക്കുകയായിരുന്നു.

ENGLISH SUMMARY:

The Mumbai Indians management is reportedly preparing to remove Hardik Pandya from the captaincy following a dismal IPL season where the team finished ninth with just eight points from 14 matches. According to reports by The Indian Express, the franchise is planning a complete overhaul of the squad, starting right at the top with the leadership role. Internal sources reveal that the management is highly dissatisfied with Hardik's captaincy and overall performance, noting a breakdown in team discipline regarding mandatory practice sessions. During the troubled season, Hardik scored only 206 runs in 10 matches and picked up a mere four wickets while missing four games due to recurring injuries. The team's struggles were further worsened by historically sluggish powerplay performances compared to aggressive rivals like RCB, RR, and SRH. With his place in the playing XI now under scrutiny, this marks a dramatic turn since his highly anticipated return to Mumbai in 2024 to replace Rohit Sharma.