Image Credit: PTI
ഐപിഎലിന്‍റെ ആദ്യ ക്വാളിഫയറിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ധരംശാലയില്‍ മഴ ഭീഷണി. മഴ പെയ്യാന്‍ 80 ശതമാനം സാധ്യതയെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നഗരത്തില്‍ 14 മുതല്‍ 25 ശതമാനം വരെ മഴമേഘങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 14 മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്‍റുകള്‍ വീതമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഗുജറാത്ത് ടൈറ്റന്‍സിനും ഉള്ളത്. ടോസ് സമയത്തുതന്നെ മഴ പെയ്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഴ കാരണം മല്‍സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ആരാകും ഫൈനലില്‍ എത്തുക? റിസര്‍വ് ഡേ ഇല്ലാത്ത സ്ഥിതിക്ക് എന്താകും മാനദണ്ഡം?: മഴ കളി മുടക്കിയാല്‍ നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബി ഫൈനലിലെത്തും. നെറ്റ് റണ്‍റേറ്റില്‍ മുന്നിലാണെന്നത് തന്നെ കാരണം. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവയ്ക്ക് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ ലീഗ് സ്റ്റേജില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന ടീമിനാകും മേല്‍ക്കൈ.
ഐപിഎല്‍ ഫോര്‍മാറ്റ് അനുസരിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റുകളുള്ള ടീമുകളാണ് ഒന്നാം ക്വാളിഫയര്‍ കളിക്കുക. ഇതിലെ വിജയി നേരിട്ട് ഫൈനലില്‍ കടക്കും. തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ കളിക്കും. ഐപിഎല്‍ ചട്ടം അനുസരിച്ച് മഴ കളിമുടക്കിയാല്‍ സൂപ്പര്‍ ഓവര്‍ നിശ്ചയിക്കുകയും അതിലൂടെ ഫൈനലിലേക്ക് ആരെന്ന് തീരുമാനിക്കാനും അധികൃതര്‍ക്ക് അവകാശമുണ്ട്.
പോയന്‍റ് പട്ടികയില്‍ തുല്യരാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മികച്ച് നില്‍ക്കുന്നത് ആര്‍സിബിയാണ്. പക്ഷേ ലീഗ് സ്റ്റേജില്‍ അഞ്ച് മല്‍സരങ്ങളില്‍ ആര്‍സിബിക്ക് തോറ്റു. ഇതില്‍ ഒരെണ്ണം ഗുജറാത്തിനോടാണ്. ഗുജറാത്തിന്‍റെ ബോളിങ് ടീം ആര്‍സിബിക്ക് തലവേദനയുണ്ടാക്കാന്‍ പോന്നതുമാണ്. രണ്ടു ടീമുകളും രണ്ടാം ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നതും. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ആര്‍സിബിയുടെ ലക്ഷ്യമെങ്കില്‍ 2022 ന് ശേഷം കപ്പ് തിരിച്ചു പിടിക്കാനുള്ള സുവര്‍ണാവസരമാണ് ഗുജറാത്തിന് മുന്നിലുള്ളത്.