Image Credit: ANI

ഐപിഎല്‍ സീസണിലെ ആദ്യ ക്വാളിഫയറില്‍ ഇന്ന് നിലവിലെ ചാംപ്യന്‍മാരായ ആര്‍സിബിയും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പ്. റണ്ണൊഴുകുന്ന പിച്ചില്‍ ഇന്നത്തെ പോരാട്ടം കിങ് കോലിയും ശുഭ്മന്‍ ഗില്ലും തമ്മിലാവില്ലെന്നത് ഉറപ്പ്. മുഹമ്മദ് സിറാജോ, ഭുവനേശ്വര്‍ കുമാറോ? ഫൈനലിലേക്ക് ഏത് ടീമെന്ന് തീരുമാനിക്കുക ഇവരില്‍ ഒരാളാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരുടെ ഈ അഭിപ്രായത്തെ ഗുജറാത്തിന്‍റെ അസിസ്റ്റന്‍റ് കോച്ച് വിജയ് ദഹിയയും പിന്താങ്ങുന്നു. 

സ്ഥിരതയാര്‍ന്ന പ്രകടനമുള്ള ബോളിങ് യൂണിറ്റാണ് രണ്ട് ടീമുകളുടെയും ശക്തി. റണ്‍ അടിച്ചുകൂട്ടുന്നതാണ് ക്രിക്കറ്റില്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടുക. എന്നാല്‍ മല്‍സരഫലം നിശ്ചയിക്കുക ബോളിങ് യൂണിറ്റ് കൂടിയാണ്. അതുപോലെ പ്രധാനമാണ് സ്ഥിരതയും. ഇരു ടീമുകള്‍ക്കും മികച്ച ബോളിങ് യൂണിറ്റാണുള്ളത്. ക്യാപ്റ്റനും മാനേജ്മെന്‍റും അര്‍പ്പിക്കുന്ന വിശ്വാസത്തിനപ്പുറം കളിക്കാരുടെ ആത്മവിശ്വാസവും ഇന്നത്തെ കളിയില്‍ നിര്‍ണായകമാകും'- ദഹിയ കൂട്ടിച്ചേര്‍ത്തു. 

14 കളികളില്‍ നിന്നായി 24 വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. റബാദയും ഒപ്പമുണ്ട്. ഇക്കോണമി റേറ്റില്‍ മേല്‍ക്കൈ ഭുവിക്കാണ്. 17 വിക്കറ്റുമായി സിറാജ് പിന്നാലെയുണ്ട്. ജോഷ് ഹേസല്‍വുഡ് (12), ജേസണ്‍ ഹോള്‍ഡര്‍ (13), പ്രസിദ്ധ് കൃഷ്ണ (14) , റാസിഖ് സലാം (14) എന്നിവര്‍ കളിയെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവരാണ്. സ്പിന്നര്‍മാരായ റാഷിദ്  ഖാനും, ക്രുനാല്‍ പാണ്ഡ്യയും കൂടിയാകുമ്പോള്‍ കളി പ്രവചനാതീതമാകും. 

പവര്‍പ്ലേയില്‍ ഭുവിയെങ്ങനെയെന്നത് കളിയുടെ ഗതി നിര്‍ണയിക്കുമെന്ന് ഗുജറാത്ത് സമ്മതിക്കുന്നു. പക്ഷേ ഒപ്പത്തിനൊപ്പം വയ്ക്കാന്‍ റബാദയും സിറാജും ഗുജറാത്തിനുണ്ടെന്നതും മറന്നുപോകരുത്. പവര്‍പ്ലേയില്‍ ആധിപത്യം അല്‍പം കൂടുതല്‍ ഗുജറാത്തിനുമാണ്. സായ് സുദര്‍ശനെയും ഗില്ലിനെയും തുടക്കത്തിലെ പൂട്ടിക്കെട്ടുകയാണ് ലക്ഷ്യമെന്നും ഇത് ഭുവിയുടെ ചുമതലയാകുമെന്നും ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടിദാറും സൂചന നല്‍കി. ' ബോളിങാണ് ഞങ്ങളുടെ കരുത്ത്. പവര്‍പ്ലേയില്‍ എങ്ങനെ പന്തെറിയുന്നുവെന്നതാകും നിര്‍ണായകമാകുക. സീസണിലുടനീളം ചെയ്തു വന്നത് പോലെ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താനാകും ഞങ്ങളുടെ ശ്രമം. ഭുവി മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്നാണ് വിശ്വാസം. 

ബാറ്റിങില്‍ ഗില്ലും സായ് സുദര്‍ശനും തന്നെയാണ് ഗുജറാത്തിന്‍റെ തുരുപ്പ്ചീട്ട്.13 കളികളില്‍ നിന്നായി 616 റണ്‍സെടുത്ത ഗില്‍ സായ് ഓറഞ്ച് കപ്പിനായുള്ള പോരാട്ടത്തില്‍ സായ് സുദര്‍ശന് തൊട്ടുപിന്നിലുണ്ട്. കോലിയും മോശമല്ല. 557 റണ്‍സാണ് സീസണില്‍ താരത്തിന്‍റെ സമ്പാദ്യം. ഈ വര്‍ഷം ധരംശാലയില്‍ അ‍ഞ്ചുവട്ടമാണ് സ്കോര്‍ 200ന് മുകളില്‍ പോയത്. 74 സിക്സറുകളും പിറന്നു. അങ്ങനെയെങ്കില്‍ ഇന്നും റണ്‍മലകള്‍ ഉയര്‍ന്നേക്കും. പക്ഷേ അന്തിമ ചിരി ബോളര്‍മാരുടേതാകും, ഫൈനല്‍ ടിക്കറ്റും അവരെ ആശ്രയിച്ചിരിക്കും. 

ENGLISH SUMMARY:

An explosive encounter is guaranteed in the first qualifier of IPL 2026 as defending champions Royal Challengers Bengaluru lock horns with Gujarat Titans at the high-scoring Dharamshala stadium. While fans eagerly anticipate a batting showdown between giants Virat Kohli and Shubman Gill, experts and team managements believe the ultimate ticket to the final rests on the bowling duel between Bhuvneshwar Kumar and Mohammed Siraj. Gujarat's assistant coach Vijay Dahiya highlighted that the clinical consistency of both bowling units will dictate the outcome on a surface notorious for yielding massive 200-plus totals. RCB skipper Rajat Patidar dropped tactical hints that their primary objective is using Bhuvneshwar Kumar's lethal powerplay swing to dismiss top-scorers Gill and Sai Sudharsan early. Ultimately, despite the immense batting firepower on display under the lights, the high-stakes playoff match is expected to be decided by which team can execute superior defensive bowling under extreme pressure.