പഞ്ചാബ് അവരുടെ ഭാഗം വൃത്തിയാക്കി. അവസാന മത്സരത്തില്‍ മിന്നും ജയത്തോടെ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സ് 18 ഓവറില്‍ മത്സരം പൂര്‍ത്തിയാക്കി. ജയത്തോടെ നാലാം സ്ഥാനത്തേക്ക് കയറിയെങ്കിലും ഇവിടെ ഇരിപ്പ് ഉറയ്ക്കണമെങ്കില്‍ ഇന്നത്തെ മത്സര ഫലങ്ങള്‍ അനുകൂലമാകണം.
മൂന്നു ടീമുകള്‍ക്കാണ് ഇനി പ്ലേ ഓഫിലേക്ക് സാധ്യതയുള്ളത്. പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 15 പോയിന്‍റാണ് പഞ്ചാബ് കിങ്സിനുള്ളത്. ഒരു മത്സരം ബാക്കി നില്‍കെ രാജസ്ഥാന്‍ റോയല്‍സിന് 14 പോയിന്‍റും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 13 പോയിന്‍റും.
ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കുകയും ഡല്‍ഹി ക്യാപിറ്റല്‍സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തോല്‍ക്കുകയും ചെയ്താല്‍ പഞ്ചാബിന് കാര്യങ്ങള്‍ അനുകൂലമായി. കൊല്‍ക്കത്ത ജയിച്ചാലും വലിയ മാര്‍ജിന്‍ ഇല്ലെങ്കില്‍ പഞ്ചാബ് കിങ്സിന്‍റെ റണ്‍റേറ്റിനെ മറികടക്കാന്‍ സാധിക്കില്ല. ഇതാണ് പഞ്ചാബ് കിങ്സിന് ആശ്വസിക്കാന്‍ കഴിയുന്ന കാര്യം.
രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്താന്‍ മുംബൈയ്ക്ക് എതിരെ ജയം മാത്രം മതിയാകും. 13 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജയിച്ചാല്‍ 16 പോയിന്‍റാകും. തോറ്റാലോ, കളി ഉപേക്ഷിച്ചാലോ രാജസ്ഥന്‍ പുറത്താകും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 13 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റാണുള്ളത്. മത്സരം രാത്രി ഡല്‍ഹിക്കെതിരെ. ഈ മത്സരത്തില്‍ ജയിക്കുന്നതിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കുകയും വേണം. കുറഞ്ഞത് 77 റൺസിനെങ്കിലും വിജയിക്കണം. ചെയിസിങ് ആണെങ്കില്‍ 12.1 ഓവറിലോ അതിന് മുൻപോ ലക്ഷ്യം മറികടക്കണം. എങ്കിലെ പഞ്ചാബ് കിങ്സിനെ റണ്‍റേറ്റില്‍ മറികടക്കാന്‍ കഴിയൂ.