ഐപിഎല്ലില്‍ ജസ്പ്രീത് ബുംറയുടെ മോശം പ്രകടനത്തിന്‍റെ കാരണം പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. മുംബൈ ഇന്ത്യന്‍സിനായി സീസണില്‍ 13 മത്സരങ്ങള്‍ കളിച്ച ബുംറ ഇതുവരെ നാലു വിക്കറ്റ് മാത്രമാണ് നേടിയത്. ബുംറ മങ്ങിയതോടെ ടീമിന്‍റെ പ്രകടനത്തെയും ബാധിച്ചു.
ഇന്ത്യ ചാംപ്യന്മാരായ ലോകകപ്പില്‍ ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റിരുന്നതായാണ് ജയവര്‍ധനെ വെളിപ്പെടുത്തിയത്. ലോകകപ്പിലേറ്റ പരുക്കിന് ശേഷം ബുംറയ്ക്ക് വിശ്രമത്തിന് കൃത്യമായ സമയം ലഭിച്ചില്ലെന്നും ഇതാണ് പ്രകടനത്തെ ബാധിച്ചതെന്നുമാണ് ജയവര്‍ധനെയുടെ വാക്കുകള്‍. സീസണിലെ അവസാന മത്സരം ബാക്കി നില്‍കെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് മുംബൈ. 13 മത്സരങ്ങളില്‍ നാലു മത്സരങ്ങളല്‍ മാത്രമാണ് മുംബൈ ജയിച്ചത്.
'ചില കാര്യങ്ങൾ ഒരുമിച്ച് വന്നതാണ് ഫോം മങ്ങാന്‍ കാരണം. ട്വന്‍റി 20 ലോകകപ്പിന് ശേഷം മടങ്ങിയെത്തിയപ്പോൾ ബുംറയ്ക്ക് ചെറിയൊരു പരുക്കുണ്ടായിരുന്നു. ആ പരുക്കോടെയാണ് അദ്ദേഹം ലോകകപ്പ് കളിച്ചതും. ഐപിഎല്ലിന്റെ ആദ്യ ഘട്ടങ്ങളിൽ ബുമ്രയുടെ പന്തുകളുടെ വേഗത കുറഞ്ഞതിന് കാരണം അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായതിനാലാണ്', ജയവര്‍ധനെ പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്പികളിലൊരാളായിരുന്നു ബുംറ. എട്ടു മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് ബുംറ നേടിയത്. ഫൈനലില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റാണ് ബുംറ നേടിയത്. ഐപിഎല്ലിലെ അവസാന മത്സരത്തില്‍ നാളെ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.