Hyderabad: Royal Challengers Bengaluru's Virat Kohli celebrates the wicket of Sunrisers Hyderabad's Abhishek Sharma during an Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Royal Challengers Bengaluru, in Hyderabad, Telangana, Friday, May 22, 2026. (PTI Photo/Salman Ali) (PTI05_22_2026_000414B) *** Local Caption ***

സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡിനോട് തെറ്റി വാക്കേറ്റവും പിണക്കവുമായി പോയ വിരാട് കോലിയാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. സബ്സ്റ്റിറ്റ്യൂട്ട് അല്ലാതെ നിന്ന ട്രാവിസ് ഹെഡിനോട് പോയി കുറച്ച് ബോള്‍ ചെയ്യൂവെന്ന് കോലി ലേശം പരിഹാസം കലര്‍ത്തി പറഞ്ഞു. കൂറ്റന്‍ സ്കോര്‍ കണ്ടെത്തേണ്ട മല്‍സരത്തില്‍ 14 റണ്‍സെടുത്ത് കോലി പുറത്തായതും ഹെഡ് അരികിലെത്തി, 'ഞാന്‍ പന്തെറിയുന്നതിന് മുന്‍പേ വിക്കറ്റ് പോയല്ലോ' എന്ന് കളിയാക്കി. ഇതോടെയാണ് കാര്യങ്ങള്‍ കോലിയുടെ കൈവിട്ട് പോയത്. പോസ്റ്റ് മാച്ചില്‍ ഹെഡിനെ കണ്ടതും കുട്ടികളെ പോലെ കോലി പിണങ്ങിപ്പോയി. താരത്തെ അവഗണിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഹസ്തദാനം ചെയ്ത് താരം പോയി. കൈ നീട്ടിയിട്ടും കോലി മൈന്‍ഡ് ചെയ്യാത്തതില്‍ അമ്പരന്ന് നില്‍ക്കുന്ന ഹെഡിന്‍റെ ദൃശ്യങ്ങളും വൈറലായി.

ഇതാദ്യമായല്ല കളിക്കിടെ കോലിക്ക് നിയന്ത്രണം നഷ്ടമാകുന്നതും വിവാദത്തില്‍ ചെന്ന് ചാടുന്നതും. ഇന്ത്യയ്ക്കായി കളിക്കുമ്പോളും ഐപിഎലിനിടെയും താരം എതിര്‍ടീമിലെ താരങ്ങളോട് ചൂടാകുന്നതും പരിഹസിക്കുന്നതുമെല്ലാമുണ്ടായിട്ടുണ്ട്. 2013 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിക്കറ്റ് വീണതോടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനോട് കോലി കയര്‍ത്തു. ഓള്‍ റൗണ്ടര്‍ രജത് ഭാട്യ ഇടയ്ക്ക് കയറി. പക്ഷേ കാര്യമുണ്ടായില്ല. ഇരുവരും തമ്മില്‍ അന്നത്തെ പിണക്കം പിന്നീട് കളിക്കളത്തിന് പുറത്തും തുടര്‍ന്നു.

2023  ല്‍ ഗംഭീര്‍ ലക്നൗവിന്‍റെ മെന്‍ററായിരിക്കവേയാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. ആര്‍സിബി–എല്‍എസ്ജി മല്‍സരത്തിനിടെ ബോളറായ നവീന്‍ ഉള്‍ ഹഖുമായി കോലി ഉടക്കി. കളി കഴിഞ്ഞതോടെ ഗംഭീര്‍ കോലിക്ക് നേരെ പാഞ്ഞെത്തി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായി. ഗംഭീര്‍ ഇന്ത്യന്‍ ടീം കോച്ചായിട്ടും ഇരുവരും തമ്മില്‍ അത്ര സുഖത്തിലല്ല കാര്യങ്ങളെന്നും വാര്‍ത്തകളും പുറത്തുവന്നിരുന്നു.

2023 ല്‍ മുംബൈ താരം സൂര്യകുമാര്‍ യാദവാണ് കോലിയുടെ കലിപ്പിനിരയായത്. അന്ന് കോലി ഇന്ത്യന്‍ ടീം ക്യാപ്റ്റനാണ്. സൂര്യകുമാറാവട്ടെ, ടീമില്‍ ഇടം കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലും. ദഹിപ്പിക്കുന്ന പോലെയുള്ള കോലിയുടെ നോട്ടത്തില്‍ സൂര്യകുമാറിന്‍റെ ഭാവി തീരുമാനിക്കപ്പെട്ടുവെന്ന് എല്ലാവരും കരുതി. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിലെത്തുകയും ക്യാപ്റ്റനാകുകയും ചെയ്തു. 

2025 ല്‍ പഞ്ചാബിനെതിരെ ആര്‍സിബി ജയിച്ചതിന് പിന്നാലെ ശ്രേയസ് അയ്യരെ വികലമായി കോലി അനുകരിച്ചു. ചുമ്മാ കളിയാക്കാനാണ് താരം ഉദ്ദേശിച്ചതെങ്കിലും അങ്ങനെ വിട്ടുകൊടുക്കാന്‍ ശ്രേയസ് തയാറായില്ല. ഇതോടെ കോലി തന്‍റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതേയുള്ളൂ.

ഈ സീസണിന്‍റെ തുടക്കത്തിലും കോലി കളിക്കിടെ കലിപ്പന്‍ സ്വഭാവം പുറത്തെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കുമ്പോള്‍ രജത് പട്ടിദാറെ പുറത്താക്കിയ രീതിയിലായിരുന്നു പ്രതിഷേധം. ജേസണ്‍ ഹോള്‍ഡറാണ് ആര്‍സിബി ക്യാപ്റ്റന്‍റെ ക്യാച്ചെടുത്തത്. പന്ത് നിലത്ത് മുട്ടിയെന്ന് വ്യക്തമായിരുന്നുവെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിക്കുകയായിരുന്നു. അംപയര്‍ക്ക് പിഴച്ചുവെന്ന നിലപാടിലായിരുന്നു കോലി. ഇതേച്ചൊല്ലി വാക്കേറ്റവും ഉണ്ടായി.  എതിര്‍ടീമിന്‍റെ വിക്കറ്റ് വീഴുമ്പോളുള്ള കോലിയുടെ ആഘോഷം സമാനതകളില്ലാത്തതാണ്. ഉള്ളിലുള്ള പൊട്ടിത്തെറിക്കാരനായ കോലിയെ മെരുക്കിയെടുക്കാന്‍ താരം നന്നേ പണിപ്പെടുന്നുണ്ടെന്നും ചിലപ്പോഴൊക്കെ കൈവിട്ടു പോകുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. 

ENGLISH SUMMARY:

Virat Kohli’s controversial post-match snub of Travis Head has reignited intense social media debates regarding the star batsman’s notorious on-field temper and history of high-voltage altercations. This premium display of aggression is hardly unique, tracing back to 2013 when Kohli engaged in a viral shouting match with KKR skipper Gautam Gambhir, a fierce rivalry that exploded yet again in 2023 involving Lucknow bowler Naveen-ul-Haq. Kohli's psychological tactics were also on display in 2020 via a tense, silent stare-down with Mumbai's Suryakumar Yadav, who ironically went on to cement his place and even captain the national team. More recently in 2025, an attempt to mimic Shreyas Iyer backfired drastically, creating deep professional friction despite Kohli's subsequent attempts to pass the incident off as casual dressing-room banter. Even earlier this season, the RCB icon locked horns with Gujarat Titans' Jason Holder and the match umpires over a controversial low catch, proving that managing his explosive inner competitive drive remains an ongoing challenge.