New Delhi: Rajasthan Royals' captain Riyan Parag reacts after Delhi Capitals won the Indian Premier League (IPL) 2026 T20 cricket match, in New Delhi, Sunday, May 17, 2026. (PTI Photo/Kamal Kishore) (PTI05_17_2026_000896B) *** Local Caption ***

നിര്‍ണായക മല്‍സരങ്ങളില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്നും ടോപ് ഫോറില്‍ ഇടംപിടിക്കാന്‍ ഈ കളി കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് യോഗ്യരല്ലെന്നും തുറന്നടിച്ച് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഡല്‍ഹിയോടേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു ടീമിനെയൊന്നടങ്കം പ്രതിക്കൂട്ടിലാക്കിയുള്ള പരാഗിന്‍റെ പ്രതികരണം. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലിലും തോറ്റ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. 

ടീമിന്‍റെ ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നിവയെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തോടായിരുന്നു പരാഗിന്‍റെ രൂക്ഷമായ പ്രതികരണം. ടീം പ്രതീക്ഷ കാത്തില്ലെന്നും ഈ പ്രകടനവുമായി ടോപ് ഫോറിലെത്തില്ലെന്നും താരം സമ്മതിച്ചു.പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും രാജസ്ഥാന് ജയിച്ചേ തീരൂ. 12 മല്‍സരങ്ങളില്‍ ആറില്‍ മാത്രം ജയിച്ച രാജസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. 

' 14 ഓവര്‍ വരെ കാര്യങ്ങള്‍ ഓക്കെയായിരുന്നു. ഞാന്‍ പുറത്തായതിന് ശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി. 220–230 സ്കോര്‍ ചെയ്യാന്‍ പറ്റണമായിരുന്നു. ബോളിങില്‍ ടീം തീര്‍ത്തും നിരാശപ്പെടുത്തി. തീരുമാനങ്ങള്‍ തെറ്റി. കിരീടം സ്വപ്നം കാണണമെങ്കില്‍ ടീം മെച്ചപ്പെടേണ്ടതുണ്ട്. തീര്‍ത്തും നിരാശാജനകം' എന്നായിരുന്നു ക്യാപ്റ്റന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ നാലഞ്ച് മല്‍സരങ്ങളില്‍ കണ്ടതിനെക്കാള്‍ നല്ല ടീമാണ് രാജസ്ഥാന്‍ എന്ന് തന്നെയാണ് വിശ്വാസമെന്നും പക്ഷേ ഡല്‍ഹിക്കെതിരെ തൊട്ടതെല്ലാം പിഴച്ചുവെന്നും താരം വിശദീകരിച്ചു. പ്ലേ ഓഫ് കടന്നില്ലെങ്കില്‍ ബോളിങ് ടീമാണ് ഉത്തരവാദികളെന്നും പരാഗ് മുന്നറിയിപ്പ് നല്‍കി. 

രണ്ട് കളി ജയിച്ചാല്‍ ഇനിയും പ്ലേ ഓഫില്‍ കടക്കാമെന്ന് ഹര്‍ഷ  ഭോഗ്​ലെ ചൂണ്ടിക്കാട്ടിയപ്പോള്‍ ' അതേ, അതിന് ബാക്കി ടീമുകളെ കൂടി നോക്കിയിരിക്കേണ്ടതില്ലേ? ഇങ്ങനെ ടീമിനെ നയിക്കാനല്ല ഞാന്‍ ആഗ്രഹിച്ചത്. എന്‍റെ ടീമിനെ കുറിച്ച് ഇങ്ങനെ പറയാനല്ല ആഗ്രഹം, മറ്റേ ടീം തോറ്റാല്‍ നമുക്ക് പ്ലേ ഓഫിലെത്താം എന്ന്  പ്രതീക്ഷിക്കുന്നത് ശരിയല്ല. ഞങ്ങള്‍ക്ക് അവസരം കിട്ടി, പക്ഷേ ഉപയോഗിച്ചില്ല. അതുകൊണ്ട് തന്നെ പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ അത് ഞങ്ങളുടെ കുഴപ്പമാണ്. ഇനിയുള്ള രണ്ട് മല്‍സരങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം'- എന്നായിരുന്നു നിരാശനായ താരത്തിന്‍റെ മറുപടി.

ഇന്നലെ ഡല്‍ഹിക്കെതിരെ 194 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ കുറിച്ചത്. 21 പന്തില്‍ നിന്ന് വൈഭവ് സൂര്യവംശി 46 റണ്‍സെടുത്തു. ധ്രുവ് ജുറേലും (53) റിയാന്‍ പരാഗും (51)  ചേര്‍ന്നാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.  മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി അഭിഷേക് പോറലി(51)ന്‍റെയും രാഹുലിന്‍റെ (56)യും  ഓപ്പണിങ് കൂട്ടുകെട്ടില്‍ ശക്തമായ നിലയില്‍ എത്തി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സാണ് ഇരുവരും അടിച്ചത്. 18 പന്തില്‍ 34 റണ്‍സെടുത്ത് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ കൂടി തിളങ്ങിയതോടെ നാല് പന്ത് ശേഷിക്കെ ഡല്‍ഹി ജയം കാണുകയായിരുന്നു. 

ENGLISH SUMMARY:

Following a damaging defeat against Delhi Capitals, Rajasthan Royals captain Riyan Parag delivered a brutally honest assessment, stating his team doesn't deserve a spot in the top four with their current form. Expressing his frustration to commentator Harsha Bhogle, Parag emphasized that relying on other teams' net run rates or match results to qualify is not how he intended to lead his franchise. Despite half-centuries from Dhruv Jurel (53) and Parag himself (51) helping RR post 194, Delhi chased it down with four balls to spare thanks to explosive opening knocks from Abhishek Porel and Rahul. Parag heavily pointed fingers at his bowling unit for failing to defend the total and failing to execute tactical decisions during the powerplay. Currently sitting at the fifth position with six wins from 12 matches, Rajasthan now faces a must-win scenario in their remaining two league fixtures to stay alive in the playoff race.