രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചുവിക്കറ്റിന് ഡല്‍ഹി തകര്‍ത്തതോടെ ഐപിഎല്‍ പ്ലേ ഓഫിലേക്ക് ആരൊക്കെ കടക്കുമെന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. 18 പോയിന്‍റുമായി ആര്‍സിബി പ്ലേ ഓഫില്‍ കടന്ന ആദ്യ ടീമായി. 16 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ പ്ലേ ഓഫ് കാത്ത് തൊട്ടുപിന്നിലുണ്ട്. 12 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്‍റുള്ള ഹൈദരാബാദ്, 13 മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്‍റുള്ള പഞ്ചാബ്, 12 മല്‍സരങ്ങളില്‍ നിന്ന് 12 വീതം പോയിന്‍റുകളുള്ള രാജസ്ഥാനും ചെന്നൈയും, 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഡല്‍ഹി എന്നിവരാണ് പ്ലേ ഓഫില്‍ കണ്ണുനട്ടിരിക്കുന്നത്.
ഡല്‍ഹിയോടേറ്റ തോല്‍വി, രാജസ്ഥാന്‍ റോയല്‍സിന് കനത്ത ആഘാതമാണ്. ലക്നൗവിനും മുംബൈയ്ക്കുമെതിരായ രണ്ട് മല്‍സരങ്ങളും ജയിക്കണം. ഇനി ഇതില്‍ ഒരു മല്‍സരമേ ജയിക്കാന്‍ കഴിയൂവെങ്കില്‍ 14 പോയിന്‍റാകും ആകെ ലഭിക്കുക. അങ്ങനെയെങ്കില്‍ ബാക്കിയുള്ള മല്‍സരങ്ങളില്‍ പഞ്ചാബും ചെന്നൈയും ഡല്‍ഹിയും കൊല്‍ക്കത്തയും തോല്‍ക്കണം. അങ്ങനെയും സംഭവിക്കാതിരിക്കുകയും 14 പോയിന്‍റിലേക്ക് ഈ ടീമുകളും എത്തുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടും.
ഇനിയുള്ള മല്‍സരങ്ങളിലൊന്നില്‍ മാത്രം ഹൈദരാബാദ് ജയിക്കുകയും ചെന്നൈ രണ്ട് മല്‍സരങ്ങളും ജയിക്കുകയും ഗുജറാത്ത് അടുത്ത കളി തോല്‍ക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും 16 പോയിന്‍റ് എന്ന നിലയാകും. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍റേറ്റാകും പ്ലേ ഓഫ് തീരുമാനിക്കുക.
രാജസ്ഥാനെതിരെ ജയിച്ചതോടെ പ്ലേ ഓഫ് സജീവമായെങ്കിലും ഡല്‍ഹി പ്രതിസന്ധിയില്‍ തന്നെയാണ്. കൊല്‍ക്കത്തയ്ക്കെതിരെ ജയിച്ചാലും മറ്റ് ടീമുകളുടെ ഫലത്തെയും നെറ്റ് റണ്‍റേറ്റിനെയും ആശ്രയിച്ചാകും ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത തീരുമാനിക്കപ്പെടുക.
പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാമതുള്ള ഗുജറാത്തിന് 99.2 ശതമാനം സാധ്യതയാണ് പ്ലേ ഓഫിലേക്ക് കടക്കാനുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് 75 ശതമാനം സാധ്യതയുമുണ്ട്. നാലാമത്തെ ടീം ആരാകും? അതിനാണ് സത്യത്തില്‍ ഇടി. ചെന്നൈ പ്ലേ ഓഫില്‍ കടക്കാന്‍ 35.5 ശതമാനമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാജസ്ഥാന്‍ റോയല്‍സ് 34.8 ശതമാനം സാധ്യതയുമായി തൊട്ടുപിന്നാലെയുണ്ട്. നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാമതാണെങ്കിലും 31.1 ശതമാനം സാധ്യത മാത്രമാണ് പഞ്ചാബിനുള്ളത്.