kolkata-playoff-chances

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോല്‍വിയോടെ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താനുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ലഖ്നൗവിനോട് ചെന്നൈ സൂപ്പര്‍ കിങ്സും തോറ്റതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. സീസണില്‍ 10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍കെ രണ്ടു ടീം മാത്രമാണ് ഇതുവരെ പുറത്തായത്, എട്ടു ടീമുകളില്‍ ആരും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 

16 പോയിന്‍റുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ജയിക്കാനായാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് യോഗ്യതയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നും ഉറപ്പിക്കാം. ഗുജറാത്ത് ടൈറ്റന്‍സിന് ബാക്കിയുള്ളത് ഒരു മത്സരമാണ്. ചെന്നൈയ്ക്ക് എതിരെ ജയിക്കാനായാല്‍ 18 പോയിന്‍റാകും. പ്ലേ ഓഫ് ഉറപ്പിക്കാമെങ്കിലും ആദ്യ രണ്ട് സ്ഥാനം ലഭിക്കണമെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരെ മറികടക്കണം. 

സണ്‍റൈസേഴ്സിന് രണ്ടു മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഇതില്‍ ചെന്നൈയ്ക്ക് എതിരെയുള്ള മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ ചെന്നൈയ്ക്കും ഹൈദരാബാദിനും തുല്യപോയിന്‍റാകും. സണ്‍റൈസേഴസ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയാണെങ്കിൽ മറ്റ് മത്സരങ്ങളുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയാകും പ്ലേ ഓഫ് ഉറപ്പിക്കുക. 

മൂന്നു മത്സരങ്ങള്‍ ബാക്കി നില്‍കെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. അവസാന രണ്ടില്‍ ജയിച്ചാല്‍ 16 പോയിന്‍റോടെ സുരക്ഷിത സ്ഥാനത്തെത്താം. മൂന്നിലും ജയിച്ചാല്‍ പ്ലേ ഓഫ് ഗ്യാരണ്ടി. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ടീമുകളെയാണ് രാജസ്ഥാന്‍ ഇനി നേരിടേണ്ടത്. 

മറ്റു മത്സര ഫലങ്ങളെ അടിസ്ഥാനമാക്കിയാകും പഞ്ചാബ് കിങ്സിന്‍റെ മുന്നോട്ട് പോക്ക്. 13 പോയിന്‍റ് നിലവിലുള്ള പഞ്ചാബിന് ബാക്കി മത്സരങ്ങള്‍ ജയിച്ചാല്‍ 17 പോയിന്‍റാകും. നാലു ടീമുകള്‍ക്ക് 18 പോയിന്‍റുവരെ നേടാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്നതാണ് പഞ്ചാബിനെ കുഴപ്പിക്കുന്നത്. 12 പോയിന്‍റുള്ള ചെന്നൈയ്ക്ക് ബാക്കി രണ്ടു മത്സരങ്ങളുണ്ട്. മറ്റു മത്സര ഫലങ്ങള്‍ അനുകൂലമായാല്‍ 14 പോയിന്‍റ് ലഭിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്താം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജയത്തോടെ കൊല്‍ക്കത്തയ്ക്കും പ്ലേ ഓഫ് സാധ്യതയുണ്ട്. 15 പോയിന്‍റു വരെ കൊല്‍ക്കത്തയ്ക്ക് നേടാനാകും. മറ്റു ഫലങ്ങള്‍ അനുകൂലമായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 

ENGLISH SUMMARY:

IPL 2026 playoff scenarios are heating up with several teams vying for a spot. Gujarat Titans suffered a setback against Kolkata Knight Riders, impacting their top-two aspirations, while Chennai Super Kings' loss to Lucknow kept KKR's playoff hopes alive. With only two teams eliminated and eight teams still in contention for a playoff berth, the remaining matches are crucial for all involved.