ഐപിഎല്‍ ചരിത്രത്തിലെ മുംബൈയുടെ മോശം സീസണ്‍ അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ടീം വഴി പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയ്ക്ക് വേണ്ടെങ്കില്‍ ഹാര്‍ദികിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡ്ഴ്സും ഡല്‍ഹിയും. അങ്ങനെയെങ്കില്‍ സീസണ്‍ അവസാനിക്കുന്നതോടെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ സൂപ്പര്‍ താരകൈമാറ്റത്തിന് വഴിയൊരുങ്ങും. പ്രകടനം മോശമായെന്ന് പറഞ്ഞ് എഴുതിത്തള്ളേണ്ട ആളല്ല ഹാര്‍ദികെന്നും ആ പ്രതിഭയെ ഉള്‍ക്കൊള്ളാന്‍ മുംബൈയ്ക്ക് കഴിയാത്തതാണ് പ്രശ്നമെന്നും വരെ ആരാധകര്‍ എക്സില്‍ കുറിച്ചു കഴിഞ്ഞു.
ഐപിഎല്‍ ചരിത്രത്തില്‍ ഹൈ പ്രൊഫൈല്‍ ബ്രേക്കപ് ഇതാദ്യമല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 2021 ല്‍ സണ്‍റൈസേഴ്സ് ക്യാപ്റ്റനായിരുന്ന വാര്‍ണറെ കൈവിട്ടതും, ചെന്നൈയില്‍ രവീന്ദ്ര ജഡേജ നേരിട്ടതും ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് –സഞ്ജു വിഷയവും ലക്നൗ ഉടമ സഞ്ജീവ് ഗോയങ്കയും കെ.എല്‍.രാഹുലും തമ്മിലുണ്ടായ വിഷയവുമെല്ലാം മുന്നിലുണ്ട്.
വ്യക്തിഗത പ്രകടനത്തിനൊപ്പം ക്യാപ്റ്റനെന്ന നിലയിലും പരാജയപ്പെട്ടതാണ് ഹാര്‍ദികിന് പുറത്തേക്കുള്ള വഴി തുറന്നത്. ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ താരം മുംബൈയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും പിന്നീട് ഫോളോ ചെയ്തതും വിവാദമായിരുന്നു. പേശീവലിവ് മൂലമാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഹാര്‍ദിക് വിട്ടുനിന്നതെന്നായിരുന്നു മുംബൈയുടെ വിശദീകരണം.
അഭ്യൂഹങ്ങള്‍ സത്യമാകുകയും മുംബൈ ഹാര്‍ദികിനെ വിടാന്‍ തീരുമാനിക്കുകയും ചെയ്താല്‍ നേട്ടം ഹാര്‍ദികിന് തന്നെയാണെന്ന് വിദ്ഗധര്‍ പറയുന്നു. ഐപിഎലിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതിഭയാണ് ഹാര്‍ദിക് പാണ്ഡ്യ. ഡല്‍ഹിയാണ് ഹാര്‍ദികിനായി കാത്തിരിക്കുന്നവരില്‍ മുന്‍പന്തിയില്‍. അക്സറിന് കീഴില്‍ പലപ്പോഴും ദിശാബോധമില്ലാതെയാണ് ടീം ഇറങ്ങുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സമാന സ്ഥിതിയിലായിരുന്നു എല്‍എസ്ജിയും. 2024 ലെ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഭീമമായ തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെടുത്തുവെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സണ്‍റൈസേഴ്സിനാവട്ടെ അടുത്ത സീസണിലേക്ക് പാറ്റ് കമിന്‍സുണ്ടാകുമോയെന്ന ഉറപ്പുമില്ല. ആഷസും ലോകകപ്പും അടുത്തിരിക്കെ ക്രിക്കറ്റ് ഓസ്ട്രേലിയ പാറ്റ് കമിന്‍സിന് എന്‍ഒസി നല്‍കാന്‍ സാധ്യത കുറവാണെന്നതാണ് കാരണം. കൊല്‍ക്കത്തയും രഹാനയെ മാറ്റാനുള്ള താല്‍പര്യത്തിലാണ്. ഇതെല്ലാം ഹാര്‍ദികിന്‍റെ മൂല്യം വീണ്ടുമേറ്റുന്നുവെന്നതാണ് വാസ്തവം.
ജയവും തോല്‍വിയും അമ്പരപ്പിക്കുന്ന തിരിച്ചുവരവും നിറഞ്ഞതാണ് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ചരിത്രം. 2024 ഉം 2026 ഉം ആകും മുംബൈ ആരാധകര്‍ മറക്കാനിഷ്ടപ്പെടുന്ന സീസണുകളും. ആദ്യത്തെ ഏഴു കളിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷമാണ് 2014 ല്‍ ടീം പ്ലേ ഓഫ് കടന്നത്. 2017 ലെ ജയം, 2019 ലെ ഫൈനലില്‍ ചെന്നൈക്കെതിരെ നേടിയ ആ ഒറ്റ റണ്‍ വിജയം...അവിസ്മരണീയമായ ആ നിമിഷങ്ങളില്‍ നിന്ന് മറക്കനാഗ്രഹിക്കുന്ന മല്‍സരങ്ങളിലേക്കാണ് മുംബൈ ഈ സീസണില്‍ വീണുപോയത്. ഹാര്‍ദിക് മാത്രമല്ല അതില്‍ പ്രതി. സൂര്യകുമാറും, ബുംറയും വരെ നിറംമങ്ങി നില്‍ക്കുകയാണ്. അഞ്ച് മല്‍സരങ്ങളില്‍ രോഹിത് ശര്‍മ കൂടി പുറത്തിരുന്നതോടെ മുംബൈയുടെ സീസണ്‍ അതിവേഗം അവസാനിച്ചു. മുന്‍പ് അങ്ങനെയായിരുന്നില്ല മുംബൈയിലെ സ്ഥിതി. പാണ്ഡ്യ സഹോദരന്‍മാരും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നുണ്ടാക്കിയ മധ്യനിര ഏത് ടീമിനെയും അമ്പരപ്പിച്ചു. ആ ബ്രാന്‍ഡ് ഇന്നില്ല. മുംബൈയെ പിന്നോട്ടടിക്കുന്നതും ആ കെട്ടുറപ്പിന്‍റെ അഭാവമാണെന്ന് വേണം കരുതാന്‍.