രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കുമ്പോഴാണ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തുന്നത്. സഞ്ജു ചെന്നൈയിലെത്തുമ്പോള്‍ ക്യാപ്റ്റന്‍സി കൂടി ലഭിക്കുമെന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഋതുരാജ് ഗെയ്‍ക് വാദിന് കീഴില്‍ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. എന്തുകൊണ്ടാണ് ചെന്നൈയിലെത്തുമ്പോള്‍ ക്യാപ്റ്റന്‍സിക്ക് ആവശ്യം ഉന്നയിക്കാതിരുന്നത് എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം പോഡ്കാസ്റ്റില്‍ സഞ്ജു ഉത്തരം പറഞ്ഞു.
തനിക്ക് നേരത്തെ ഒരു ടീമും അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നുവെന്നും അവിടെ നിന്നും മറ്റൊരു ടീമിലേക്ക് വരുമ്പോള്‍ ആവശ്യങ്ങളുന്നയിക്കാന്‍ സാധിക്കില്ലെന്നുമാണ് സഞ്ജുവിന്‍റെ വാക്കുകള്‍. 'പുതിയൊരു വീട്ടിലേക്ക് പോകാനാണ് ശ്രമിക്കുന്നത്. പുതിയ വീട്ടിലേക്ക് പോകുമ്പോള്‍ ആവശ്യങ്ങളുമായി പോകരുതെന്നാണ് ഞാന്‍ പഠിച്ച പാഠം'– അഭിനവ് മുകുന്ദിനൊപ്പമുള്ള പോഡ്കാസ്റ്റില്‍ സഞ്ജു പറഞ്ഞു.
'പുതിയ സ്ഥലത്തും കഴിവ് തെളിയിക്കാന്‍ ശ്രമിക്കും. ടീമിന്‍റെ സ്വഭാവമനുസരിച്ച് പെരുമാറാനും പരമാവധി പ്രകടനം പുറത്തെടുക്കാനും ശ്രമിക്കും. അവിടെ നിന്നാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. മറ്റൊരു കാര്യം കൂടിയുണ്ട്. നിങ്ങള്‍ക്ക് ചെന്നൈയില്‍ ധാരാളം മലയാളികളെ കാണാം. ധാരാളം മലയാളികള്‍ ദുബായിലും ജോലി ചെയ്യുന്നുണ്ട്. നിങ്ങളൊരു മലയാളിയെ തിരഞ്ഞെടുക്കുന്നതിന് കാരണം, തങ്ങളിലര്‍പ്പിക്കുന്ന വിശ്വാസത്തിന് പകരം ജീവന്‍ പോലും നല്‍കും എന്നുള്ളതാണ്. സിഎസ്കെ എന്നെ വിശ്വസിച്ചു, ഇവിടേക്ക് ക്ഷണിച്ചു. എന്‍റെ സര്‍വതും നല്‍കാന്‍ ഞാന്‍ തയ്യാറാണ്' എന്നും താരം വിശദീകരിച്ചു.
ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങിന്‍റെ നെടുംതൂണാണ് സഞ്ജു. രണ്ട് സെഞ്ചറി അടക്കം 402 റണ്‍സാണ് 10 ഇന്നിങ്സുകളില്‍ നിന്നും സഞ്ജു നേടിയത്. 167 ആണ് സ്ട്രൈക്ക് റേറ്റ്. ഐപിഎല്‍ ഈ സീസണിലെയും ട്വന്‍റി 20 ലോകകപ്പിലെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.