Chennai: Mumbai Indians' captain Hardik Pandya during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Mumbai Indians, in Chennai, Tamil Nadu, Saturday, May 2, 2026. (PTI Photo/R Senthilkumar) (PTI05_02_2026_000429B) *** Local Caption ***
സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. ആര്‍സിബിക്കെതിരെ ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈ ടീം ഇന്നലെ പുറപ്പെട്ടപ്പോഴും താരം ഒപ്പം ചേരാത്തതാണ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ ടീം അംഗങ്ങള്‍ എത്തിയത്.
ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഹാര്‍ദിക് കളിക്കാനിറങ്ങിയിരുന്നില്ല. സൂര്യകുമാറാണ് പകരം ടീമിനെ നയിച്ചത്. പുറത്തെ പേശീവലിവ് കാരണമാണ് താരം കളിക്കാതിരുന്നതെന്നായിരുന്നു ടീം ഔദ്യോഗികമായി നല്‍കിയ വിശദീകരണം. 'ഹാര്‍ദികിന് നല്ല സുഖമില്ലെന്നും അതുകൊണ്ട് ഞാന്‍ പകരമിറങ്ങിയെന്നും മറ്റെല്ലാം ഓക്കെ'യാണെന്നുമായിരുന്നു ടോസിനെത്തിയപ്പോള്‍ സൂര്യകുമാര്‍ വിശദീകരിച്ചത്.
അതേസമയം, ടീമിന്‍റെ തുടര്‍ച്ചയായ പരാജയവും ബാറ്റിങിലും ബോളിങിലും ശോഭിക്കാന്‍ ഹാര്‍ദികിന് കഴിഞ്ഞിട്ടില്ലെന്നതും പരുക്കിനെക്കാള്‍ മറ്റെന്തെങ്കിലും കാരണമാണോ ഹാര്‍ദിക് പുറത്തിരിക്കുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ബലം പകര്‍ന്നു. ഹാര്‍ദിക് എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന വാര്‍ത്തകളോട് തനിക്ക് അതേക്കുറിച്ച് കൂടുതല്‍ അറിവില്ലെന്നായിരുന്നു റയാന്‍ റിക്കല്‍റ്റന്‍റെ പ്രതികരണം. 'ഹാര്‍ദിക് എപ്പോള്‍ മടങ്ങി വരുമെന്ന് എനിക്ക് അറിയില്ല. ഉച്ചയോടെ മാത്രമാണ് താരത്തിന് പുറം വേദനയാണെന്ന് തന്നെ ഞാന്‍ അറിഞ്ഞത്. അത് പരുക്കാണോ, അതിന്‍റെ തീവ്രതയെന്തെന്നോ എനിക്ക് നിശ്ചയമില്ല. പക്ഷേ റായ്പുരിലെ മല്‍സരത്തിന് ടീം ഇറങ്ങുമ്പോള്‍ ഹാര്‍ദിക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്ന'തെന്നായിരുന്നു എല്‍എസ്ജിക്കെതിരായ മല്‍സരം കഴിഞ്ഞ് റിക്കല്‍റ്റന്‍റെ പ്രതികരണം.
അതേസമയം, താരം ഇന്ന് റായ്പുരിലെത്തി ടീമിനോട് ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചെന്നൈക്കെതിരായ മല്‍സരത്തിനിടെ പേശീവലിവുണ്ടായതിനെ തുടര്‍ന്നാണ് പുറത്തിരിക്കേണ്ടി വന്നതെന്നും നിലവില്‍ ഫിറ്റ്നസ് വീണ്ടെടുത്തുവെന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യം മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ആര്‍സിബിക്കെതിരെ സൂര്യകുമാര്‍ യാദവും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി താരം കളിയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈക്കെതിരായാണ് ഹാര്‍ദിക് ഒടുവിലായി കളിക്കാന്‍ ഇറങ്ങിയത്. ആറാമനായി ഇറങ്ങിയ താരം 23 പന്തില്‍ നിന്ന് 18 റണ്‍സാണ് എടുത്തത്. എട്ട് കളികളില്‍ നിന്നായി 136.45 സ്ട്രൈക്ക് റേറ്റില്‍ 146 റണ്‍സാണ് ഹാര്‍ദികിന്‍റെ സമ്പാദ്യം. മൂന്ന് സീസണിലായി ടീമിനെ 14 തവണ വിജയത്തിലെത്തിച്ചപ്പോള്‍ 23 തോല്‍വികളും ഏറ്റുവാങ്ങേണ്ടി വന്നു. നിലവില്‍ 10 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിക്കാനേ മുംബൈക്ക് കഴിഞ്ഞിട്ടുള്ളൂ. പോയിന്‍റ് പട്ടികയില്‍ ഒന്‍പതാമതുമാണ് ടീം. മേയ് 14 ന് പഞ്ചാബിനെതിരെ, മേയ് 20ന് രാജസ്ഥാനെതിരെയുള്ളതുമാണ് ആര്‍സിബിക്കെതിരായ മല്‍സരമൊഴിച്ചുള്ള കളികള്‍.