ലോകകപ്പ് വിജയത്തിന് ശേഷമാണ് സഞ്ജു സംസണെ 'ചേട്ടാ' എന്ന് പരക്കെ വിളിക്കാന്‍ തുടങ്ങിയത്. ഐപിഎലില്‍ ചെന്നൈയിലെത്തിയതോടെ ചേട്ടാ വിളികള്‍ കൂടി. മലയാളികള്‍ മാത്രമല്ല ചേട്ടാ വിളിക്ക് പിന്നിലെന്നതാണ് സഞ്ജുവിന്‍റെ റേഞ്ച്. ഇന്നലെ ചെപ്പോക്കില്‍ കൂടിയ ആരാധകരും സഞ്ജുവിന്‍റെ ഷോട്ടുകളെ എതിരേറ്റത് ചേട്ടാ വിളികളോടെ തന്നെയാണ്. പുതിയ പേരിനെ പറ്റി ഇന്നലെ മത്സര ശേഷം സഞ്ജു സംസാരിച്ചു.
'ഈ ആള്‍ക്കൂട്ടം നിങ്ങളെ ചേട്ടാ എന്നാണല്ലോ വിളിക്കുന്നത്, ഈ വിളിയില്‍ സന്തോഷമുണ്ടോ' എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ചിരിയോടെ 'അവർ എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, എങ്കിലും സഞ്ജു എന്ന് കേൾക്കാനാണ് എനിക്കിഷ്ടം' എന്ന് താരം ചിരിയോടെ പറഞ്ഞു. 'വലിയ ചേട്ടന്മാർ പോലും എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്' ഈയിടെ സഞ്ജു പറഞ്ഞിരുന്നു.
മത്സരത്തില്‍ സഞ്ജുവിന്‍റെ സെന്‍സിബിള്‍ ഇന്നിങ്സിന്‍റെ ബലത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ജയിച്ചു കയറിയത്. ഡല്‍ഹിയുടെ 156 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ 17.3 ഓവറില്‍ 159 റണ്‍സെടുത്തു. 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു ഏഴു ഫോറും ആറു സിക്സും നേടി. സൂക്ഷ്മതയോടെയായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ്. ബോളര്‍മാരെ സെലക്ട് െചയ്തായിരുന്നു കൂറ്റനടികള്‍. അക്സര്‍ പട്ടേലും കുല്‍ദീപും നടരാജനും ബാറ്റിന്‍റെ ചൂട് ശരിക്കുമറിഞ്ഞു.
'പിന്തുടരുന്ന സ്കോറും പിച്ചും നോക്കിയപ്പോള്‍ ഗെയിം പ്ലാനിനെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. വിക്കറ്റ് പോകാതെയോ ഒരു വിക്കറ്റ് നഷ്ടത്തിലോ പവര്‍ പ്ലേയില്‍ 30-35 റണ്‍സെടുത്താല്‍ പോലും എളുപ്പമാണെന്ന് തോന്നു. സ്പിന്നിനെതിരെയും മിഡ് ഓവറുകളിലും എന്ത് ചെയ്യാനാകുമെന്ന് എനിക്കറിയാം. അതുകൊണ്ട് പവര്‍പ്ലേയില്‍ കുറച്ചധികം സമയം എടുത്താലും മിഡില്‍ ഓവറുകളില്‍ മുതലാക്കാന്‍ സാധിക്കുമെന്ന് തോന്നി. ചില സമയത്ത് ഇത് കൃത്യമായി ഫലിക്കും, അത് നന്നായി നടന്നു'– മല്‍സരശേഷം താരം കൂട്ടിച്ചേര്‍ത്തു.