ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും വിജയവഴിയിൽ. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിന് തകർത്താണ് ചെന്നൈ കരുത്ത് തെളിയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ 7 വിക്കറ്റിന് 155 റൺസിന്റെ ടോട്ടല്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 17.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 159 റൺസ് അടിച്ച് വിജയലക്ഷ്യം മറികടന്നു.
ചെന്നൈയുടെ വിജയശിൽപിയായത് മലയാളി താരം സഞ്ജു സാംസൺ ആണ്. 52 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് കളി അനായാസമാക്കിയത്. കാർത്തിക് ശർമയുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ നടത്തിയ കൂട്ടുകെട്ട് ഡൽഹി ബൗളർമാരെ നിഷ്പ്രഭരാക്കി. 15 പന്തുകൾ ബാക്കി നിൽക്കെയാണ് ചെന്നൈ വിജയം ആഘോഷിച്ചത്.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ (13 പന്തിൽ 6) ചെന്നൈയ്ക്കു നഷ്ടമായി. പിന്നീടെത്തിയ ഉർവിൽ പട്ടേൽ (9 പന്തിൽ 17) രണ്ടു സിക്സുമായി നന്നായി തുടങ്ങിയെങ്കിലും ഏഴാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നീടാണ് മൂന്നാം വിക്കറ്റിൽ സഞ്ജുവും കാർത്തിക് ശർമയും ഒന്നിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ചെന്നൈ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച സമീർ റിസ്‌വി (24 പന്തിൽ 40*), ട്രിസ്റ്റൻ സ്റ്റബ്‌സ് (31 പന്തിൽ 38) എന്നിവരാണ് ഡൽഹിയ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും 65 റൺസ് കൂട്ടിച്ചേർത്തു. കെ.എൽ.രാഹുൽ (13 പന്തിൽ 12), പാത്തും നിസങ്ക (15 പന്തിൽ 19), നിതീഷ് റാണ (13 പന്തിൽ 15) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കാതിരുന്നതോടെയാണ് ഡൽഹിക്ക് വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്നത്. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അകീൽ ഹൊസൈൻ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, ഗുർജപ്നീത് സിങ്, ജാമി ഓവർട്ടൻ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ ജയത്തോടെ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ടീം ഇപ്പോൾ.