Image Credit: Screengrab from x/Tfg85743663 video , Star sports, Jio Hotstar
സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍റെ കളി പുരോഗമിക്കുന്നതിനിടെ ഒരുവേള കാണികള്‍ അമ്പരന്നു. 12–ാം ഓവറില്‍ ബാറ്റു ചെയ്യാനിറങ്ങി വന്ന രവീന്ദ്ര ജഡേജയും ഡല്‍ഹി താരം കുല്‍ദീപ് യാദവുമായുണ്ടായ സൗഹൃദ സംഭാഷണമാണ് ആരാധകരെ നിമിഷ നേരത്തേക്ക് 'ആശങ്ക'യിലാക്കിയത്.
ജുറേല്‍ പുറത്തായതിന് പിന്നാലെ ബാറ്റിങനിറങ്ങിയ ജഡേജയുടെ നേരെ കുല്‍ദീപ് നടന്നെത്തി. തന്‍റെ നേര്‍ക്കാണ് കുല്‍ദീപ് വരുന്നതെന്ന് കണ്ടതോടെ വാള്‍ ചുഴറ്റും പോലെ ബാറ്റ് ചുഴറ്റി കുല്‍ദീപിനെ പേടിപ്പിക്കാനോങ്ങി ജഡേജയും മുന്നോട്ട് തന്നെ വന്നു. കൂസലില്ലാതെ നടന്നടുത്ത കുല്‍ദീപ് ജഡേജയുടെ തോളില്‍ പിടിച്ചൊരു തള്ളും കൊടുത്തു. ജഡേജ അംപയര്‍ക്കരികിലേക്ക് ബാറ്റ് പരിശോധിക്കാന്‍ പോയതോടെ കുല്‍ദീപ് പോയി വീണ്ടും തള്ളി. ജഡേജയാവട്ടെ ഗൗരവത്തിലെടുത്തതുമില്ല.
അതേസമയം, തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാരം ഡല്‍ഹി ഇന്നലെത്തെ ജയത്തോടെ ഇറക്കിവച്ചു. ടീമിന്‍റെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയകരമായ റണ്‍ചേസും ഡല്‍ഹി നടത്തി. കെ.എല്‍.രാഹുലും പാത്തും നിസങ്കയും അര്‍ധ സെഞ്ചറികള്‍ നേടിയതോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ ലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ ഡല്‍ഹി മറികടന്നത്. 33 പന്തില്‍ നിന്ന് 62 റണ്‍സെന്ന മിന്നും തുടക്കമാണ് ഡല്‍ഹിക്ക് നിസങ്ക നല്‍കിയത്. 40 പന്തില്‍ നിന്ന് 75 റണ്‍സുമായി രാഹുലും സ്കോര്‍ അതിവേഗം മുന്നോട്ട് കൊണ്ടുപോയി. നിതീഷ് റാണ (33) അശുതോഷ് ശര്‍മ (25*) സ്റ്റബ്സ് (18*) എന്നിവരും തിളങ്ങിയതോടെ ഡല്‍ഹി വിജയം കണ്ടു.
രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 50 പന്തില്‍ നിന്ന് 90 റണ്‍സും ഡോണവന്‍ ഫെരേര 14 പന്തില്‍ നിന്ന് 47* റണ്‍സും നേടി. 40 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍കും തിരിച്ചുവരവ് ഗംഭീരമാക്കി.