ഇക്കുറി ഐപിഎലില്‍ ഏറ്റവുമധികം താരങ്ങളെ പ്ലെയിങ് ഇലവനില്‍ പരീക്ഷിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. 8 മല്‍സരങ്ങളിലായി 22 താരങ്ങളാണ് മുംബൈ നിരയില്‍ ഇടംപിടിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മല്‍സരത്തില്‍ പ്ലേയിങ് ഇലവനിൽ നാല് മാറ്റങ്ങള്‍ വരുത്തിയാണ് മുംബൈ ഇറങ്ങിയത്. ഒരു സ്ഥിരം ഓപ്പണിങ് ജോഡിയെ കണ്ടെത്താനും മുംബൈക്ക് കഴിഞ്ഞിട്ടില്ല.
കളിച്ച എട്ട് മത്സരങ്ങളിൽ നിന്നായി നാല് വ്യത്യസ്ത ഓപ്പണിങ് സഖ്യങ്ങളെയാണ് ടീം പരീക്ഷിച്ചത്. റയാൻ റിക്കിൾട്ടനും രോഹിത് ശർമയും ചേർന്ന് നാല് ഇന്നിങ്സുകളിൽ ഓപ്പൺ ചെയ്തപ്പോൾ 77.66 ശരാശരിയിൽ 233 റൺസ് നേടി. തുടർന്ന് ക്വിന്റൻ ഡി കോക്കിനൊപ്പം ഒരു തവണ റിക്കിൾട്ടൻ ഓപ്പണറായി. പിന്നീട് രണ്ട് ഇന്നിങ്സുകളിൽ ഡാനിഷ് മലേവാറിനൊപ്പം ഡി കോക്ക് ഇറങ്ങി. ഏറ്റവുമൊടുവിലെ മാറ്റത്തിൽ വിൽ ജാക്സിനൊപ്പം ഓപ്പൺ ചെയ്ത റിക്കിൾട്ടൻ, ഇരുവരും ഒന്നിച്ച ഏക ഇന്നിങ്സിൽ 93 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
മാറ്റങ്ങള്‍ പലപ്പോഴും മുംബൈയ്ക്ക് അനുഗ്രഹവുമായി. രോഹിത്തിന് പകരക്കാരനായെത്തിയാണ് ഡി കോക്ക് സെഞ്ചുറി നേടിയത്. ഡി കോക്കിന് പകരക്കാരനായെത്തിയ റിക്കല്‍റ്റനും സെഞ്ചുറി കുറിച്ചു. താരങ്ങളെ മാറ്റി പരീക്ഷിക്കുന്നതില്‍ മുംബൈയ്ക്ക് തൊട്ടുപിന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സുമുണ്ട്. 19 താരങ്ങളെയാണ് ഇരുടീമും ഇതുവരെ പ്ലെയിങ് ഇലവനില്‍ പരീക്ഷിച്ചത്.