Image Credit: x, PTI
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തില്‍ അംപയറോട് ക്ഷുഭിതനായി വിരാട് കോലി. ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടിദാറുടെ വിക്കറ്റ് വീണതിനെ ചൊല്ലിയാണ് കോലി അംപയറുമായി തെറ്റിയത്. എട്ടാം ഓവറിന്‍റെ നാലാമത്തെ പന്തിലായിരുന്നു സംഭവം. അര്‍ഷാദ് ഖാന്‍റെ പന്ത് രജത് പട്ടിദാര്‍ അടിച്ചു പറത്തിയെങ്കിലും ഡീപ് സ്ക്വയര്‍ ലെഗില്‍ നിന്ന് ഓടിയെത്തിയ ജെയ്സണ്‍ ഹോള്‍ഡര്‍ പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു. അതേസമയം തന്നെ പന്ത് ലക്ഷ്യമാക്കിയെത്തിയ റബാഡയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പന്തുമായി ഹോള്‍ഡര്‍ നിലത്ത് വീഴുകയും ചെയ്തു. പന്ത് പൂര്‍ണമായും ഗ്രൗണ്ടില്‍ സ്പര്‍ശിച്ചുവെങ്കിലും ഹോള്‍ഡര്‍ പന്തില്‍ നിന്നും പിടിവിട്ടിരുന്നില്ല. അംപയര്‍ ഔട്ട് വിളിച്ചുവെങ്കിലും രജത് പട്ടിദാര്‍ പോകാന്‍ കൂട്ടാക്കിയില്ല.
പന്ത് ഗ്രൗണ്ടില്‍ തൊട്ടതിനാല്‍ വിക്കറ്റ് നല്‍കാനാവില്ലെന്നായിരുന്നു ആര്‍സിബിയുടെ വാദം. വിരാട് കോലി റിസര്‍വ് അംപയറായ പരാശര്‍ ജോഷിയോട് കയര്‍ക്കുകയും ചെയ്തു. കോച്ച് ആന്‍ഡി ഫ്ലവറും ഒപ്പം കൂടി. എന്നാല്‍ അംപയര്‍ ആര്‍സിബിയുടെ വാദം അനുവദിച്ചില്ല. തുടര്‍ന്ന് പട്ടിദാര്‍ മടങ്ങി.
അതേസമയം, പട്ടിദാറെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുന്‍ താരം ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഹോള്‍ഡര്‍ക്ക് ക്യാച്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും പന്ത് നിലം തൊട്ടത് വ്യക്തമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അംപയര്‍മാര്‍ക്ക് ഇക്കാര്യം അറിവില്ലാത്തത് അല്ലെന്നും പൂര്‍ണമായ നിയന്ത്രണം ഹോള്‍ഡര്‍ക്ക് പന്തിന് മേല്‍ ഇല്ലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ കാണാമെന്നും ക്യാച്ച് പൂര്‍ത്തിയാക്കിയതായി കരുതാന്‍ കഴിയില്ലെന്നും ചോപ്ര പറഞ്ഞു.
സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് ഈ പിഴവ് അംപയര്‍മാര്‍ വരുത്താന്‍ പാടില്ലായിരുന്നുവെന്നാണ് മുന്‍ താരം ദൊഡ്ഡ ഗണേഷ് എക്സില്‍ കുറിച്ചത്. അതെങ്ങനെ ഔട്ടാണെന്ന് അംപയര്‍മാര്‍ വിലയിരുത്തിയെന്നതാണ് അമ്പരപ്പിക്കുന്ന ചോദ്യമെന്നും അദ്ദേഹം പറയുന്നു. കളി ആര്‍സിബിയുടെ പിടിയില്‍ നിന്ന് നഷ്ടമായത് ആ പോയിന്‍റിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്‍പതാം ഓവറില്‍ ഹോള്‍ഡര്‍ ജിതേഷ് ശര്‍മയെ പുറത്താക്കി. അപ്പോഴേക്കും ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലായി. സ്കോര്‍ 91ലെത്തിയപ്പോള്‍ അടുത്ത വിക്കറ്റും നഷ്ടമായി. തുടരെ വിക്കറ്റ് വീണതോടെ 19.2 ഓവറില്‍ 155 റണ്‍സിന് ആര്‍സിബി ഓള്‍ ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. രണ്ടു വിക്കറ്റും മൂന്ന് ക്യാച്ചുമെടുത്ത ഹോള്‍ഡറാണ് മാന്‍ ഓഫ് ദ് മാച്ച്.