ഇന്നലെ ഐപിഎല്ലില്‍ സൂപ്പര്‍ ഓവറില്‍ ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനായി ഓപ്പണറായി ഇറങ്ങിയത് നിക്കോളാസ് പൂരാനാണ്. ഈ സീസണിലുടനീളം മോശം ഫോമില്‍ തുടരുന്ന പൂരാനെ സൂപ്പര്‍ ഓവറില്‍ ഇറങ്ങിയ ലഖ്നൗ ടീം തീരുമാനം ആരാധകരെ പോലും ഞെട്ടിച്ചു. സംശയിച്ചത് പോലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂരാന്‍ ക്ലീന്‍ ബൗള്‍ഡായി. 12 പന്തില്‍ ഒന്‍പത് റണ്‍സാണ് പൂരാന്‍ ഇന്നലെ നേടിയത്. ഈ പ്രകടനത്തിന് ശേഷം എന്തിന് പൂരാനെ സൂപ്പര്‍ ഓവറില്‍ ഇറക്കി എന്നതിന് ലഖ്നൗ മുഖ്യപരിശീലകന്‍ ജസ്റ്റിൻ ലാംഗര്‍ക്ക് മറുപടിയുണ്ട്. 

കൊല്‍ക്കത്തയുടെ ബൗളിനെ നേരിടാനുള്ള ലഖ്നൗവിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഇത്. പൂരാനെ സൂപ്പര്‍ ഓവറില്‍ ഇറക്കാനുള്ള തീരുമാനം ടീം ഒന്നിച്ചെടുത്തതാണെന്ന് ലാംഗര്‍ പറഞ്ഞു. സുനില്‍ നരെയ്നെ നേരിടാനുള്ള മികച്ച ഓപ്ഷനായിരുന്നു പൂരാനെന്നും ലാഗംര്‍ കൂട്ടിച്ചേര്‍ത്തു. 

'നരെയ്നാണ് പന്തെറിയാന്‍ എത്തുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പൂരാന്‍റെ റെക്കോര്‍ഡ് നോക്കിയാല്‍ നരെയ്നെ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ള താരമാണ്. അതിനാല്‍ പൂരാനാണ് മികച്ചതെന്ന് തോന്നി. അദ്ദേഹം ഫോമിലല്ലെന്ന് അറിയാം. നിക്കിയും അത് സമ്മതിക്കും. എന്നാല്‍ സൂപ്പര്‍ ഓവര്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് പൂരാനാണ്. മികച്ച താരങ്ങളെയല്ലെ പിന്തുണയ്ക്കുക, അതേ ഞങ്ങളും ചെയ്തുള്ളൂ' എന്നാണ് ലാംഗര്‍ മത്സര ശേഷം പറഞ്ഞത്. 

മത്സരത്തിന് മുന്‍പുള്ള ഡാറ്റ പ്രകാരം, 131.08 ആണ് നരെയ്നെതിരെ പൂരാന്‍റെ സ്ട്രൈക്ക് റേറ്റ്. 49 ആണ് എല്ലാ ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നുമുള്ള ശരാശരി. നാലു തവണയാണ് പൂരാന്‍ നരെയ്ന്‍റെ പന്തില്‍ പുറത്തായിട്ടുള്ളത്. സീസണില്‍ മോശം ഫോമിലാണ് പൂരാന്‍. എട്ട് മത്സരങ്ങളില്‍ നിന്നായി 10.25 ശരാശരിയില്‍ 82 റണ്‍സാണ് പൂരാന്‍ നേടിയത്. 22 ആണ് സീസണില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 

മത്സരത്തില്‍ റെഗുലര്‍ സമയത്ത് അവസാന ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. കാര്‍ത്തിക്ക് ത്യാഗിയുടെ ഓവറില്‍ അവസാന പന്തില്‍ മുഹമ്മദ് ഷാമി സിക്സറടിച്ചാണ് മത്സരം സമനിലയിലാക്കിയത്. സൂപ്പര്‍ ഓവറില്‍ പൂരനെയും മാര്‍ക്രമിനെയും നരെയ്ന്‍ പുറത്താക്കിയതോടെ രണ്ടു റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. ആദ്യ പന്തില്‍ ബൗണ്ടറിയിടിച്ച് റിങ്കു സിങ് മത്സരം വിജയിപ്പിച്ചു. തോല്‍വിയോടെ നാലു പോയിന്‍റുമായി ലഖ്നൗ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

ENGLISH SUMMARY:

Lucknow Super Giants head coach Justin Langer defended the decision to send an out-of-form Nicholas Pooran to open in the Super Over against Kolkata Knight Riders. Despite Pooran's poor season record, Langer explained that the choice was a tactical move based on Pooran's historical data and familiarity with facing KKR's Sunil Narine. However, the strategy failed as Pooran was clean-bowled on the very first ball, leading to a Super Over defeat that left LSG at the bottom of the points table. KKR chased down the modest target easily after Narine dismissed both Pooran and Markram, securing a swift victory through Rinku Singh.