ഐപിഎല്ലില്‍ കൊല്‍ക്കത്ത–ലഖ്നൗ മത്സരത്തിനിടെ അങ്ക്രിഷ് രഘുവംശിയെ പുറത്താക്കിയ രീതിയില്‍ വിവാദം തീര്‍ന്നിട്ടില്ല. സിംഗിളിനായി ഓടുന്നതിനിടെ കാലില്‍ പന്തുകൊണ്ടതിന്‍റെ പേരില്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയതിനാണ് അങ്ക്രിഷ് പുറത്താകുന്നത്. ഇതിനു ശേഷം 20 ശതമാനം മാച്ച് ഫീസ് അങ്ക്രിഷിന് പിഴയും വിധിച്ചു. ഒരു ഡീമെരിറ്റ് പോയിന്‍റും അങ്ക്രിഷിന് വിധിച്ചു.
പുറത്തായതിന് പിന്നാലെ ബാറ്റു വച്ച് ബൗണ്ടറി കുഷിനില്‍ ഇടിച്ചതിനും ഹെല്‍മറ്റ് വലിച്ചെറിഞ്ഞതിനുമാണ് ഐപിപിസുടെ നടപടി. ഐപിഎല്ലിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ലെവൽ 1 ലംഘിച്ചതിനാണ് നടപടിയെന്ന് ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലത്തെ മത്സരത്തില്‍ പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം.
പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം അങ്ക്രിഷ് സിംഗിളിനായി ശ്രമം നടത്തി. എന്നാല്‍ മറുവശത്തുണ്ടായ കാമറൂണ്‍ ഗ്രീന്‍ നിരുത്സാഹപ്പെടുത്തിയതോടെ അങ്ക്രിഷ് ക്രീസിലേക്ക് തിരികെ ഓടി. ഇതിനിടെ ലഖ്നൗ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിലേക്ക് വന്ന ത്രോ അങ്ക്രിഷിന്‍റെ കാലില്‍ തട്ടിയതാണ് ഔട്ട് വിളിക്കാന്‍ കാരണം. ഋഷഭ് പന്തും മുഹമ്മദ് ഷാമിയും അപ്പീല്‍ ചെയ്തതോടെ തേഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ബാറ്റർ ഓടുന്നതിനിടയിൽ ത്രോ വിക്കറ്റ് കീപ്പറിലേക്ക് എത്താൻ അനുവദിച്ചില്ലെന്ന് കണ്ടാണ് അംപയര്‍ ഔട്ട് വിളിച്ചത്.