Cricket - Indian Premier League - IPL - Royal Challengers Bengaluru v Gujarat Titans - M. Chinnaswamy Stadium, Bengaluru, India - April 24, 2026 Royal Challengers Bengaluru's Virat Kohli in action REUTERS/Priyanshu Singh TPX IMAGES OF THE DAY

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബി ജയിച്ചിട്ടും വിരാട് കോലിക്ക് സന്തോഷമില്ലെന്ന് ഗുജറാത്ത് അസിസ്റ്റന്‍റ് കോച്ച് വിജയ് ദഹിയ. പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സിനിടെയാണ് കളിക്ക് പിന്നാലെ കോലി തന്നോട് സംസാരിച്ചിരുന്നുവെന്നും ജയിച്ചിട്ടും തനിക്ക് തൃപ്തി വരുന്നില്ലെന്ന് പറഞ്ഞുവെന്നും ദഹിയ വെളിപ്പെടുത്തിയത്. 'കോലിയുമായി ഞാന്‍ സംസാരിച്ചു. ജയിച്ചിട്ടും കോലി നിരാശനായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ആ റണ്‍സ് സെഞ്ചറിയാക്കി മാറ്റണമായിരുന്നു എന്നാണ് കോലി പറഞ്ഞത്'- ദഹിയ പറഞ്ഞു. കോലിയുടെ മനസാണ് ഏറ്റവും പ്രധാനം. അദ്ദേഹത്തിന്‍റെ ഊര്‍ജം പകരം വയ്ക്കാനില്ലാത്തതാണ് എന്നും ദഹിയ കൂട്ടിച്ചേര്‍ത്തു. 'പിച്ചിനെ കുറിച്ചുള്ള ധാരണ, ഊര്‍ജം, വിക്കറ്റിനിടയില്‍ ഓടാനുള്ള താല്‍പര്യം, റണ്‍സിനായുള്ള ദാഹം എന്നിവ പകരം വയ്ക്കാനില്ലാത്തതാണ്. പ്രതിഭയും യാഥാര്‍ഥ്യബോധവും സമാസമം' ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മനസില്‍ വിചാരിക്കുന്നത് പോലെ ബോളറെ കൊണ്ട് പന്തെറിയിക്കാന്‍ കഴിയുന്നത്ര ആജ്ഞാശക്തി കോലിയുടെ മാനസിക നിലവാരത്തിനുണ്ട്. എതിരാളികള്‍ ആരെന്നത് കോലിക്കൊരു പ്രശ്നമല്ലെന്നും ആ മനസാണ് കോലിയെ വ്യത്യസ്തനാക്കുന്നതെന്നും ദഹിയ കൂട്ടിച്ചേര്‍ത്തു. 'സാധാരണ പരാജയപ്പെടുമ്പോള്‍ കുറച്ച് കൂടി റണ്‍സെടുക്കാമായിരുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്നിങ്സ് പകുതിയായപ്പോഴും ഈ കളി ജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ആദ്യ പന്തില്‍ തന്നെ കോലിയെ കിട്ടി. പക്ഷേ അത് നഷ്ടമായി. അവിടം മുതല്‍ കളി ഞങ്ങളില്‍ നിന്ന് നഷ്ടമായി'- എന്നും ദഹിയ തുറന്ന് പറയുന്നു.

 37–ാം വയസിലും വിക്കറ്റിനിടയില്‍ കുതിക്കാന്‍ കോലിക്ക് കഴിയുന്നുണ്ടെങ്കില്‍ അതിവേഗ സിംഗിളുകളും ഡബിളുമെടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് പകരം വയ്ക്കാനില്ലാത്തതാണെന്നും ഗുജറാത്ത് കോച്ച് പറയുന്നു. ഓരോ കളിയിലും മുന്‍പത്തെക്കാള്‍ മികച്ചതാകാന്‍ സ്വയം മല്‍സരിക്കുന്ന കോലിയെ മാത്രമാണ് തനിക്ക് കാണാന്‍ കഴിയുകയെന്നും ആരോടും ഒന്നും തെളിയിക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും ദഹിയ പ്രശംസിച്ചു.

ENGLISH SUMMARY:

Gujarat Titans assistant coach Vijay Dahiya revealed that Virat Kohli was unsatisfied despite RCB's win against GT. During a post-match conversation, Kohli expressed disappointment for not converting his 81-run knock into a century. Dahiya praised the 37-year-old's unmatched energy, running between the wickets, and his relentless drive to improve with every game. He noted that Kohli's mental strength allows him to dominate bowlers, making him a unique force in IPL 2026.