സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ചറിയിടിച്ച് (103) വൈഭവ് സൂര്യവംശി. 36 പന്തിലാണ് സെഞ്ചറി നേട്ടം. ഐപിഎല്ലില്‍ രണ്ടാമത്തെ സെഞ്ചറി നേടിയ വൈഭവ്, വേഗതയേറിയ മൂന്നാമത്തെ സെഞ്ചറി സ്വന്തം പേരിലാക്കി. ഹൈദരാബാദിനെതിരായ ഇന്നിങ്സോടെ 1000 ട്വന്‍റി 20 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമാവുമായി വൈഭവ് മാറി.
തുടക്കം മുതല്‍ സ്ഥിരം ശൈലിയില്‍ അടിച്ചാണ് വൈഭവ് തുടങ്ങിയത്. ആദ്യ ഓവറില്‍ 24 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. പ്രഫുല്‍ ഹിന്‍ഗെയെ നേരിട്ട ആദ്യ പന്ത് ഡോട്ട് ബൗളായിരുന്നു. പിന്നീട് വന്ന നാല് പന്തുകളും വൈഭവ് സിക്സര്‍ പറത്തി. അടുത്ത ഓവറില്‍ പാറ്റ് കമ്മിന്‍സിനെയും വൈഭവ് സിക്സറടിച്ചു. 15 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ചറി നേടിയത്. 12 സിക്സറും അഞ്ച് ഫോറും അടക്കമാണ് വൈഭവ് സെഞ്ചറി നേടിയത്.
സാക്കിബ് ഹുസൈൻ എറിഞ്ഞ 14-ാം ഓവറിലാണ് വൈഭവിന്‍റെ സെഞ്ചറി വരുന്നത്. നേരിട്ട ആദ്യ പന്ത് അതിര്‍ത്തി കടത്തിയ ശേഷം അടുത്ത പന്തില്‍ ഫോര്‍. ഓവറിലെ നാലാം പന്തില്‍ സിക്സറോടെയാണ് വൈഭവം സെഞ്ചറി പൂർത്തിയാക്കിയത്. സെഞ്ചറിക്ക് പിന്നാലെ വൈഭവ് ഹെൽമെറ്റും ഗ്ലൗസും അഴിച്ചു വച്ച് ഡഗ്ഔട്ടിന് നേരെ സല്യൂട്ട് നല്‍കിയാണ് ആഘോഷിച്ചത്. തൊട്ടടുത്ത പന്തില്‍ എല്‍ബിഡബ്ലുവായാണ് വൈഭവ് പുറത്തായത്. മത്സരത്തിന്‍റെ തുടക്കത്തില്‍ അനികേത് വര്‍മ വൈഭവിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 228 റണ്‍സെടുത്തു. വൈഭവിനെ കൂടാതെ ധ്രുവ് ജുറൈല്‍ 37 പന്തില്‍ 51 റണ്‍സ്, ഡോണോവൻ ഫെരേര 16 പന്തില്‍ 33 റണ്‍സ് എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.