പഞ്ചാബ് കിങ്സിനിതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ലുങ്കി എന്‍ഗിഡിക്ക് ഗുരുതര പരുക്ക്. പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീഴുകയായിരുന്നു. അക്സര്‍ പട്ടേല്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. 

അകസറിന്‍റെ പന്ത് പ്രിയാന്‍ഷ് ആര്യ മുന്നോട്ട് കയറി വന്ന് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ താഴെ തട്ടി കുത്തനെ പൊങ്ങുകയായിരുന്നു. ആയാസകരമായ ക്യാച്ചിനായി പന്തിന് പിന്നാലെ ഓടിയ എന്‍ഗിഡി നിലതെറ്റി ഗ്രൗണ്ടില്‍ വീണു. വീഴ്ചയിൽ തല മൈതാനത്ത് ആഞ്ഞടിച്ചാണ് പരുക്കേറ്റത്. പിന്നാലെ ഫിസിയോയും ഡോക്ടറും ചേർന്ന് പരിശോധിച്ച ശേഷം താരത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ഗിഡിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ഐപിഎല്‍ വ്യക്തമാക്കി. 

 

 

എന്‍ഗിഡിക്ക് പകരം ലെഗ്സ്പിന്നർ വിപ്രജ് നിഗം കണ്‍കഷന്‍ സബസ്റ്റിറ്റ്യൂട്ടായി.  മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 264 റണ്‍സെടുത്തെങ്കിലും പഞ്ചാബ് കിങ്സ് ആറു വിക്കറ്റിന് ജയിച്ചു. ഏഴു പന്ത് ബാക്കി നില്‍കെയാണ് പഞ്ചാബിന്‍റെ വിജയം. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ചേസിങാണിത്. 

67 പന്തില്‍  152 റണ്‍സ് അടിച്ചുകൂട്ടിയ കെ.എല്‍.രാഹുലാണ് ഡല്‍ഹിയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ക്രിസ് ഗെയിലിനും ബ്രണ്ടന്‍ മക്കല്ലത്തിനും ശേഷം ഐപിഎലില്‍ 150ന് മുകളില്‍ സ്കോര്‍ നേടുന്ന താരമായി രാഹുല്‍. കരിയറിലെ ആറാം ഐപിഎല്‍ സെഞ്ചുറിയാണ്. ട്വന്റി 20യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോറാണ് രാഹുല്‍ നേടിയത്. 12 റണ്‍സില്‍ നില്‍ക്കെ ശശാങ്ക് സിങ്ങ് രാഹുലിനെ ബൗണ്ടറി ലൈനിനരികെ കൈവിട്ടിരുന്നു. രണ്ടാം വിക്കറ്റില്‍ രാഹുല്‍ – നിഥീഷ് റാണ കൂട്ടുകെട്ട് 220 റണ്‍സാണ് നേടിയത്. നിഥീഷ് 44 പന്തില്‍ 91 റണ്‍സെടുത്ത് പുറത്തായി. 

ENGLISH SUMMARY:

Lungi Ngidi face head injury sustained during a match against Punjab Kings. The Delhi Capitals pacer collided with the ground while attempting a catch, leading to his immediate withdrawal from the game.