Cricket - Indian Premier League - IPL - Gujarat Titans v Mumbai Indians - Narendra Modi Stadium, Ahmedabad, India - April 20, 2026 
Mumbai Indians' Tilak Varma and Mumbai Indians' Hardik Pandya react REUTERS/Amit Dave

Cricket - Indian Premier League - IPL - Gujarat Titans v Mumbai Indians - Narendra Modi Stadium, Ahmedabad, India - April 20, 2026 Mumbai Indians' Tilak Varma and Mumbai Indians' Hardik Pandya react REUTERS/Amit Dave

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം അഹമ്മദബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഈ ജയത്തില്‍ നിര്‍ണായകമായത് തിലക് വര്‍മയുടെ തകര്‍പ്പന്‍ പ്രകടനവുമായിരുന്നു. 45 പന്തില്‍ നിന്ന് പുറത്താകാതെ തിലക് നേടിയ 101 റണ്‍സ് അവിസ്മരണീയമായി. ഇതോടെയാണ് 99 റണ്‍സിന്‍റെ ജയം മുംബൈ സ്വന്തമാക്കിയതും തോല്‍വികളുടെ ഭാരം ഇറക്കിവച്ചതും. ആ ജയം ടീമിനും തനിക്കും അനിവാര്യമായിരുന്നുവെന്നും മനസിലുറപ്പിച്ചത് പോലെ കാര്യങ്ങള്‍ നടന്നതില്‍ സന്തോഷമുണ്ടെന്നും തിലക് വര്‍മ മല്‍സരശേഷം വെളിപ്പെടുത്തി. 

കളിക്കിടയില്‍ തിലക് വര്‍മയോട് കലിപ്പിച്ച് സംസാരിക്കുന്ന ഹാര്‍ദികിനെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിലക് തകര്‍പ്പനടി തുടങ്ങിയതും ഫോം വീണ്ടെടുത്തതും. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദമായി തിലക് വര്‍മ ജിയോ ഹോട്ട്സ്റ്റാറിനോട് പിന്നീട് സംസാരിച്ചു. 'ഹാര്‍ദിക് ഭായ് ഭയങ്കര എനര്‍ജറ്റികാണെന്ന് എല്ലാവര്‍ക്കും അറിയാം.  എന്‍റെ അടുത്ത് വന്ന്  നിന്നെക്കൊണ്ട് അത് സാധിക്കും,  നീ ഇത് ചെയ്യും എന്നൊക്കെ എന്നെ ഉഷാറാക്കാന്‍ പറഞ്ഞുകൊണ്ടിരുന്നു. കുറേ നേരമായപ്പോള്‍ മിണ്ടാതിരിക്കാമോ എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു. എനിക്ക് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. ബാക്കി ഞാന്‍ നോക്കിക്കോളാമെന്ന് അദ്ദേഹത്തിന് ഉറപ്പും നല്‍കി'- തിലക് വിശദീകരിച്ചു. 

കഴിഞ്ഞ നാലഞ്ച് കളികള്‍ വിലയിരുത്തിയപ്പോള്‍ കുറച്ച് നേരം നിലയുറപ്പിക്കണമെന്നും ശേഷം ടീമിന് വേണ്ട രീതിയില്‍ കളി ക്രമീകരിക്കണമെന്നും തനിക്ക് തോന്നിയെന്നും ആ തീരുമാനമാണ് ഗുജറാത്തിനെതിരെ നടപ്പാക്കിയതെന്നും തിലക് കൂട്ടിച്ചേര്‍ത്തു. തിലകിന്‍റെ കൃത്യമായ ആസൂത്രണം അവസാന ഓവറുകളില്‍ പ്രകടമായിരുന്നു. അഹമ്മദാബാദിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് താന്‍ ബാറ്റ് വീശിയതെന്നും താരം വെളിപ്പെടുത്തി. 

ടീം ആഗ്രഹിക്കുന്നത് പോലെ കളിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നെതന്നും അതിനാണ് പ്രഥമ പരിഗണനയെന്നും തിലക് വര്‍മ പറയുന്നു. 'മൂന്നാം നമ്പറിലാണ് കൂടുതലും ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ടീം എവിടെ ആവശ്യപ്പെടുന്നോ അവിടെ കളിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. കുട്ടിക്കാലം മുതലേ ഏത് പൊസിഷനിലും കളിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷന്‍ ആരെങ്കിലും ചോദിച്ചാല്‍ മൂന്നാമനായി ഇറങ്ങാനാണെന്ന് തന്നെ പറയും'- തിലക് തുറന്ന് പറഞ്ഞു. 

കിരീടം തന്നെയാണ് മുംബൈയുടെ ലക്ഷ്യമെന്നും പിഴവുകള്‍ തിരുത്തി മടങ്ങിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഓരോ കളിയും ഞങ്ങളെ സംബന്ധിച്ച് നോക്കൗട്ടെന്ന രീതിയിലാണ് സമീപിച്ചത്. ഞങ്ങളെ കൊണ്ട് എന്ത് സാധിക്കും എന്നതില്‍ ഉത്തമ ബോധ്യം ഉണ്ടായിരുന്നു. ലോകകപ്പ് ജയിച്ചവരും, പരിചയ സമ്പന്നരും, പ്രതിഭാശാലികളും ഞങ്ങള്‍ക്കൊപ്പമുണ്ട്. വേണ്ട രീതിയില്‍ പ്ലാന്‍ ചെയ്താല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നത് ഉറപ്പായിരുന്നു. തല ഉയര്‍ത്തി, കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകാനാണ് തീരുമാനം'- തിലക് ടീമിന്‍റെ നിലപാടും വ്യക്തമാക്കി.

ENGLISH SUMMARY:

Mumbai Indians batter Tilak Varma shared an interesting anecdote regarding captain Hardik Pandya after his match-winning century against Gujarat Titans. Tilak scored an unbeaten 101 off 45 balls, helping Mumbai secure a massive 99-run victory and break their losing streak. He revealed that at one point during his innings, he had to ask a hyper-energetic Hardik to stop talking so he could focus on his batting. Despite the intense interaction caught on camera, Tilak clarified that Hardik was only trying to motivate him. The young batter also expressed his preference for the number three batting position and emphasized Mumbai's renewed focus on winning the IPL 2026 title following this dominant comeback.