ഹാർദിക് പാണ്ഡ്യയുടെ ഫോമിനെയും നായകസ്ഥാനത്തെയും ചോദ്യം ചെയ്ത് മുൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആകാശ് ചോപ്ര. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഹാർദിക്കിനെതിരെ രംഗത്തെത്തിയത്. ഹാർദിക് ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് അവസാനമായി കളിച്ചത് എപ്പോഴാണെന്ന് തനിക്ക് ഓർമ്മയില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.
എഴുപതോ എണ്‍പതോ റണ്‍സ് എടുത്ത് ഒറ്റക്ക് ടീമിനെ ജയിപ്പിച്ചിരുന്നു ആ ഹര്‍ദിക് എവിടെ? സൂര്യകുമാർ യാദവിനെപ്പോലെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് ഹാർദിക്. എന്നാൽ ഇപ്പോൾ ചെറിയ സ്കോറുകൾ മാത്രമാണ് അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്നത്. ഹാർദിക് കഴിയുന്നതെല്ലാം ചെയ്യേണ്ട സമയമാണിത്. അദ്ദേഹത്തിന് അത് ചെയ്യാനുള്ള കഴിവുണ്ട്. ടീമിന് പുതിയ ആശയങ്ങളും പുതുമയും, ഭയമില്ലാത്ത സമീപനവും ആവശ്യമാണ്. കൂടാതെ ഷെർഫെയ്ന്‍ റഥർഫോർഡിനെ ബാറ്റിങ് ക്രമത്തില്‍ കുറച്ച് ടോപ്പിലേക്ക് എത്തിക്കണം. യാഥാർഥ്യം ഇതാണ്, അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്,' ആകാശ് ചോപ്ര പറഞ്ഞു.
2026 ഐപിഎല്‍ സീസണിലെ മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തെത്തുടർന്ന് കടുത്ത വിമർശനങ്ങളാണ് ഹാർദിക് നേരിടുന്നത്. ഐപിഎൽ 2026-ൽ കളിച്ച 4 മത്സരങ്ങളിൽ നിന്ന് വെറും 81 റൺസ് മാത്രമാണ് ഹാർദിക് നേടിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിലും തിളങ്ങാന്‍ ഹര്‍ദിക്കിനാവുന്നില്ല. നാല് മത്സരങ്ങളില്‍ നിന്നും 81 റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന്‍റെ സമ്പാദ്യം. മനോജ് തിവാരിയെപ്പോലുള്ള മുൻ താരങ്ങൾ ഹാർദിക്കിന്റെ ക്യാപ്റ്റൻസി വളരെ മോശമാണെന്ന് തുറന്നടിച്ചിരുന്നു.
ഹാര്‍ദികിന്‍റെ തെറ്റായ തീരുമാനങ്ങളും മോശം ക്യാപ്റ്റന്‍സിയുമാണ് മുംബൈയെ ഇത്രയും നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചതെന്നും എത്രയും വേഗം ക്യാപ്റ്റനെ മാറ്റിയില്ലെങ്കില്‍ പുറത്തിരുന്ന് കളി കാണാമെന്നും മുന്‍താരങ്ങളടക്കം തുറന്നടിക്കുന്നു. അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്നലെ പഞ്ചാബ് കിങ്സിനോടും പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ താഴേക്ക് കൂപ്പുകുത്തി.