ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസിനു മൂന്നാം ജയം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് കൊല്‍ക്കത്തയെ തകര്‍ത്തത്. കൊൽക്കത്ത ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. ജയത്തോടെ ആറു പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. കളിച്ച ആറിൽ അഞ്ചു മത്സരങ്ങളും തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പത്താമതാണ്.
ക്യാപ്റ്റൻ അജിൻക്യ രഹാനെ നായകനായി കൊല്‍ക്കത്തയ്ക്ക് ഇതുവരെ ഒരു കളി പോലും ജയിക്കാൻ സാധിച്ചിട്ടില്ല. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ നായകന്‍ ശുഭ്മൻ ഗില്ലാണ് അര്‍ധ സെഞ്ചറിയോടെ മുന്നില്‍ നിന്ന് നയിച്ചത്. ഗില്‍ 50 പന്തില്‍ 86 റണ്‍സെടിച്ചു. നാല് സിക്സും എട്ടു ഫോറും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്. ജോസ് ബട്‍ലർ ( 25), സായ് സുദർശൻ ( 22), ഗ്ലെൻ ഫിലിപ്സ് ( 19) എന്നിവരാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 180 റണ്‍സിന് പുറത്തായി. 55 പന്തില്‍ 79 റൺസെടുത്ത കാമറൂൺ ഗ്രീനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. റോവ്മൻ പവൽ ( 27), ടിം സെയ്ഫർട്ട് ( 19), രമൺദീപ് സിങ് ( 17) റണ്‍സെടുത്തു. 32 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ രഹാനെയുടേതുൾപ്പടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായ കൊൽക്കത്ത, പവർപ്ലേയിൽ 37 റൺസാണ് ആകെ നേടിയത്.
റബാദയുടേയും സിറാജിന്റേയും പന്തുകളാണ് കൊൽക്കത്തയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയത്. ഗുജറാത്തിനായി റബാദ മൂന്നും സിറാജ്, അശോക് ശർമ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും ഓരോ വിക്കറ്റുണ്ട്.