gill-kl-rahul-2

അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം തന്നെ ഇന്ത്യ പിടിമുറുക്കി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന്‍റെയും സെഞ്ചറികളുടെ കരുത്തില്‍ ഒന്നാംദിവസം ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെടുത്തു. 81 റണ്‍സെടുത്ത സായ് സുദര്‍ശനും ഉജ്വലബാറ്റിങ് കാഴ്ചവച്ചു. പതിനൊന്നാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായെങ്കിലും കെ.എല്‍.രാഹുലും സായ് സുദര്‍ശനും അഫ്ഗാന്‍ ബോളര്‍മാരെ അനായാസം നേരിട്ടു. രണ്ടാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. സെഞ്ചറി നേടുമെന്ന് തോന്നിച്ച സുദര്‍ശന്‍ 81 റണ്‍സില്‍ നില്‍ക്കേ മുഹമ്മദ് സലീമിന്‍റെ പന്തില്‍ പുറത്തായി. ക്ലാസിക് ബാറ്റിങ് തുടര്‍ന്ന കെ.എല്‍.രാഹുല്‍ സെഞ്ചറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ സിയാവുര്‍ റഹ്മാന് വിക്കറ്റ് സമ്മാനിച്ചു. 165 പന്തില്‍ 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് രാഹുല്‍ 100 റണ്‍സെടുത്തത്. 

gill-pant-3

 

സായിക്ക് പകരമെത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഒപ്പമെത്തിയതോടെ ഇരുവരും ഏകദിനശൈലിയില്‍ ബാറ്റുവീശി. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഗില്‍ 143 പന്തില്‍ 103 റണ്‍സോടെയും പന്ത് 70 പന്തില്‍ 50 റണ്‍സോടെയും ക്രീസിലുണ്ട്. 138 പന്തില്‍ 11 ഫോറും ഒരു സിക്സുമടിച്ചാണ് ഗില്‍ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ഋഷഭ് പന്ത് 3 സിക്സും രണ്ട് ഫോറും നേടി. അഫ്ഗാനുവേണ്ടി മുഹമ്മദ് സലീം രണ്ടുവിക്കറ്റും സിയാവുര്‍ റഹ്മാന്‍ ഒരുവിക്കറ്റും നേടി. 

rahul-gill-3

 

അഫ്ഗാനെതിരായ ടെസ്റ്റ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമല്ല. എന്നാല്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായി അടുത്ത എട്ടുമാസം നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള തയാറെടുപ്പാണ് ഇന്ത്യയ്ക്ക് ഈ മല്‍സരം. പോയന്‍റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അടുത്ത മല്‍സരങ്ങള്‍. അതിനുള്ള ടീമിനെ നിശ്ചയിക്കുന്നതിനും മല്‍സരം സഹായിക്കുമെന്ന് ടീം മാനേജ്മെന്‍റ് കരുതുന്നു.

 

ഋഷഭ് പന്തിന്‍റെ അന്‍പതാം ടെസ്റ്റാണ് ന്യൂ ചണ്ഡിഗഡില്‍ നടക്കുന്നത്. ഇതുവരെ കളിച്ച 86 ഇന്നിങ്സുകളില്‍ നിന്ന് പന്ത് 3476 റണ്‍സ് നേടിയിട്ടുണ്ട്. 42.91 ആണ് ശരാശരി. 8 സെ‍ഞ്ചറികളും 18 അര്‍ധസെഞ്ചറികളും പന്തിന്‍റെ പേരിലുണ്ട്. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് പന്തിന്‍റേത്. 160 ക്യാച്ചുകളും 16 സ്റ്റംപിങ്ങും. ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ കീപ്പര്‍ (11), ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (11) എന്നീ ലോക റെക്കോര്‍ഡുകളും പന്തിന്‍റെ പേരിലുണ്ട്. ഒരു ടെസ്റ്റിന്‍റെ രണ്ടിന്നിങ്സില്‍ സെഞ്ചറി നേടിയ രണ്ടേരണ്ട് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ഋഷഭ് പന്ത്. സിംബാബ്‍വെയുടെ ആന്‍ഡി ഫ്ലവറാണ് രണ്ടാമന്‍.

 

ENGLISH SUMMARY:

India took complete control of the one-off Test against Afghanistan with centuries from captain Shubman Gill and vice-captain KL Rahul. Sai Sudharsan added a valuable 81, while Rishabh Pant remained unbeaten on his landmark 50th Test appearance. India ended Day 1 at 368/3, showcasing strong preparation ahead of their upcoming World Test Championship fixtures.