Image Credit: AFP (Left), Right (screengrab from X)
ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ അഞ്ചു വിക്കറ്റ് ജയം ആര്‍സിബി നേടിയെങ്കിലും 66–ാം അര്‍ധ സെഞ്ചറിക്ക് ഒരു റണ്‍ അകലെ പുറത്തായ വിരാട് കോലിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കാലിലെ പരുക്ക് പൂര്‍ണമായും ഭേദമാകാതെയാണ് കോലി ഇന്നലെ ഇറങ്ങിയതും. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കോലി 34 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടിയത്.
അര്‍ധസെഞ്ചറിക്ക് ഒരു റണ്‍ മാത്രം ശേഷിക്കെ ലോങ് ഓണിലേക്ക് കോലി അടിച്ചുപറത്തിയ പന്ത് നിക്കൊളാസ് പൂരന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പുറത്താകലില്‍ ആരാധകര്‍ അമ്പരന്നു. ഗാലറിയിലിരുന്ന അനുഷ്കയാവട്ടെ ഞെട്ടി തലയ്ക്ക് കൈവയ്ക്കുന്നതും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ഇതാദ്യമായാണ് ഐപിഎലില്‍ കോലി 49 റണ്‍സിന് പുറത്താകുന്നത്. അര്‍ധ സെഞ്ചറി നഷ്ടമായെങ്കിലും ഓറഞ്ച് ക്യാപ് താരം നേടി. 228 റണ്‍സാണ് ടൂര്‍ണമെന്‍റില്‍ ഇതുവരെ കോലിയുടെ സമ്പാദ്യം.
'കഴിഞ്ഞ കളിയെക്കാള്‍ ഭേദമുണ്ടെന്നും 100 ശതമാനം സുഖമായെന്ന് പറയാന്‍ ആയിട്ടില്ലെന്നും കോലി മല്‍സരശേഷം പറഞ്ഞു. ആരോഗ്യപരമായി നാലഞ്ച് ദിവസമായി കുറച്ച് ബുദ്ധിമുട്ടിലാണെന്നും അതിനിടയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. മികച്ച തുടക്കം ലഭിച്ചുവെന്നും അത് നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോലി പറഞ്ഞു.
കോലിയുടെ ആധികാരികമായ 49 റണ്‍സിനൊപ്പം രജത് പട്ടിദാറും (27), ജിതേഷ് ശര്‍മ (23)യും ചേര്‍ന്നപ്പോള്‍ 15.1 ഓവറില്‍ ലക്നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി മറികടന്നു. ആര്‍സിബിക്കായി റാസിഖ് സലാം ധര്‍ നാല് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍ മൂന്നും ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
സീസണിലെ ടീമിന്‍റെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്നലത്തെ ലക്നൗവിന്‍റെ സ്കോര്‍. മിച്ചല്‍ മാര്‍ഷും(32 പന്തില്‍ 30)ആയുഷ് ബദോനി (24 പന്തില്‍ 38)യുമാണ് ലക്നൗ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നിലവില്‍ നാലുപോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ലക്നൗ. ചാംപ്യന്‍മാരായ ആര്‍സിബിയാവട്ടെ, അഞ്ചു കളിയില്‍ നിന്നും എട്ടുപോയിന്‍റുമായി ഒന്നാമതെത്തി. എട്ടുപോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് രണ്ടാമതും ഏഴു പോയിന്‍റുമായി പഞ്ചാബ് കിങ്സ് മൂന്നാമതുമാണ്.