tim-david

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ പന്ത് പരിശോധിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ ടിം ഡേവിഡ്. അംപയര്‍ ആവശ്യപ്പെട്ടിട്ടും ടിം ഡേവിഡ് പന്ത് കൈമാറാന്‍ തയ്യാറിയില്ല. മത്സരത്തിനിടെ പുതിയ പന്ത് എത്തിച്ചപ്പോഴാണ് സംഭവം. പന്തിന്‍റെ ആകൃതിയില്‍ വ്യത്യാസമുണ്ടെന്നതായിരുന്നു താരത്തിന്‍റെ പ്രശ്നം. 

ആര്‍സിബിയുടെ ഇന്നിങ്സിന്‍റെ 18-ാം ഓവറിലാണ് സംഭവം. ഹര്‍ദിക് പാണ്ഡ്യയെ ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയ ടിം ഡേവിഡ് പിന്നീട് ലഭിച്ച ഫ്രീഹിറ്റില്‍ സിക്സറും അടിച്ചു. ആറു പന്തില്‍ 14 റണ്‍സുമായി നില്‍ക്കുകയായിരുന്നു താരം. നനഞ്ഞ പന്ത് അംപയര്‍ മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ടിം ഡേവിഡ് ഇടപെട്ടത്.

പന്ത് ബോക്സുമായി അംപയര്‍ എത്തിയപ്പോള്‍ ടിം ഡേവിഡ് ഒരു പന്തെടുത്ത് പരിശോധന ആരംഭിച്ചു. അംപയര്‍ പന്ത് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ച്ചയായി പന്ത് കറക്കി പരിശോധിക്കുകയായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടാണ് ടിം ഡേവിഡ് പന്ത് തിരികെ ഏല്‍പ്പിച്ചത്. സംഭവം കണ്ട് അംപയര്‍ക്ക് അരികിലേക്ക് എത്തിയ രോഹിത് ശര്‍മയോട് പന്തിന്‍റെ രൂപം മാറിയെന്ന് ടിം ഡേവിഡ് ആഗ്യം കാണിക്കുകയും ചെയ്തു. 

ടിം ഡേവിഡിന്‍റെ നടപടിയെ കമന്‍ററിയിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിമര്‍ശിച്ചു. ബാറ്റര്‍ എന്ന നിലയില്‍ ടിം ഡേവിഡിന് പന്ത് പരിശോധിക്കാന്‍ അനുവാദമില്ല, പന്തിന്‍റെ ആകൃതിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സിക്സർ അടിച്ചതുകൊണ്ടാണെന്നും ചോപ്ര പറഞ്ഞു. 

ENGLISH SUMMARY:

Tim David ball inspection during the RCB vs MI match sparked controversy. The Royal Challengers Bangalore batter's refusal to hand over the ball to the umpire, citing a change in its shape, led to criticism.