ചെന്നൈ സൂപ്പര്‍ കിങ്സില്‍ തുടക്കം മോശമായെങ്കിലും നാലാം മത്സരത്തില്‍ സെഞ്ചറിയോടെയാണ് സഞ്ജു സാംസണ്‍ ആരാധകരെ കയ്യിലെടുത്തത്. 53 പന്തില്‍ സെഞ്ചറി തികച്ച സഞ്ജുവിന്‍റേത് സാക്ഷാല്‍ എം.എസ് ധോണിക്ക് പോലുമില്ലാത്ത റെക്കോര്‍ഡ്. ചെന്നൈ സൂപ്പര്‍ കിങ്സിനായി ആദ്യമായാണ് ഒരു വിക്കറ്റ് കീപ്പര്‍ സെഞ്ചറി നേടുന്നത്. ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍ വര്‍ഷങ്ങളോളം തിളങ്ങിയ ധോണിയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍ 84 റണ്‍സാണ്.
115 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന്‍റെ ഇന്നിങ്സിന് ബലം നല്‍കിയത് ബൗണ്ടറികളാണ്. 15 ഫോറുകളാണ് സഞ്ജു ചെപ്പോക്കില്‍ അടിച്ചെടുത്തത്. ആറു സിക്സറും. ചെന്നൈ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതോടെ സഞ്ജുവിന്‍റെ പേരിലായി. കരിയറില്‍ നാലാം ഐപിഎല്‍ സെഞ്ചറി നേടിയ സഞ്ജുവിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2021 ല്‍ നേടിയ 119 റണ്‍സാണ് ഐപിഎല്ലിലെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍.
അതേസമയം, സെഞ്ചറിക്ക് ശേഷം ചെപ്പോക്കിനെ ഇളക്കി മറിച്ച ആഘോഷമാണ് സഞ്ജു നടത്തിയത്. പടയപ്പ സ്റ്റൈല്‍ സല്യൂട്ടോടെ നടത്തിയ ആഘോഷം ടീം കോച്ച് സ്റ്റീഫന്‍ ഫ്ലെമിങിനാണെന്നാണ് സഞ്ജു പിന്നീട് പ്രതികരിച്ചു. ഗ്യാലറിയിലേക്ക് നോക്കി പടയപ്പയിലെ ഐക്കണിക് സല്യൂട്ട് അനുകരിച്ചുകൊണ്ടാണ് സഞ്ജു സെഞ്ചറി ആഘോഷിച്ചത്. സല്യൂട്ട് ടീം കോച്ച് ഫ്ലെമിങിന് സമര്‍പ്പിച്ചതാണെന്ന് സഞ്ജു പറഞ്ഞു. ഒരു ഫ്രാഞ്ചൈസിയെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലെ വെല്ലുവിളികള്‍ തനിക്കറിയാം, അത് കോച്ചിന് സമര്‍പ്പിക്കാന്‍ ഉദ്യേശിക്കുന്നു എന്നാണ് സഞ്ജു പറഞ്ഞത്.
ട്വന്‍റി 20 ലോകകപ്പ് വിന്നിങ് പ്രകടനത്തിന് ശേഷം ഐപിഎല്ലില്‍ മോശം തുടക്കമായിരുന്നു സഞ്ജുവിന്‍റേത്. 6,7,9 എന്നിങ്ങനെയായിരുന്നു മൂന്നു മത്സരങ്ങളിലെ സഞ്ജുവിന്‍റെ സ്കോര്‍. ഈ സമയത്ത് സഞ്ജുവിനെ പിന്തുണച്ചായിരുന്നു കോച്ചിന്‍റെ പ്രതികരണങ്ങള്‍. കുറച്ചു മത്സരങ്ങളിലെ ചെറിയ സ്കോര്‍ സഞ്ജുവിന്‍റെ മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയില്ലെന്നായിരുന്നു ഫ്ലെമിങിന്‍റെ പ്രതികരണം. ഇത് അക്ഷരം പ്രതി ശരിയാകുന്നതായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കണ്ടത്.