രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് സൂപ്പര്‍താരം വിരാട് കോലിയുടെ പ്രശംസ. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള കളി കഴിഞ്ഞതിന് പിന്നാലെ വൈഭവിനെ തേടി കോലിയുടെ ഓട്ടോഗ്രാഫ് എത്തി. തൊപ്പിയില്‍ 'ഡിയര്‍ വൈഭവ്, വെല്‍ഡണ്‍' എന്നായിരുന്നു കോലി കുറിച്ചത്. പ്ലെയര്‍ ഓഫ് ദ് മാച്ചിനും ഓറഞ്ച് ക്യാപ്പിനും ഒപ്പം എക്കാലത്തേക്കും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു സമ്മാനം. വൈഭവിന്‍റെ കളി കാണാന്‍ തന്നെ ഭംഗിയാണെന്നും തുടര്‍ന്നും മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിയട്ടെ എന്നും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം നേരിടുമ്പോള്‍ തെല്ലും ഭയമില്ലാതെയാണ് വൈഭവ് ബാറ്റ് വീശിയത്. ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. 12 പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ആറുവിക്കറ്റ് ജയം നേടിയത്. രണ്ട് അര്‍ധസെ‍ഞ്ചറികളടക്കം നാല് മല്‍സരങ്ങളില്‍ നിന്നായി 200 റണ്‍സാണ് വൈഭവിന്‍റെ സമ്പാദ്യം. 15 പന്തില്‍ നിന്നായിരുന്നു ചെന്നൈക്കെതിരെയും ആര്‍സിബിക്കെതിരെയും വൈഭവിന്‍റെ അര്‍ധസെഞ്ചറികള്‍ പിറന്നത്. ധ്രുവ് ജുറേലുമായി ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 37 പന്തില്‍ നിന്ന് 108 റണ്‍സാണ് പിറന്നത്. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് ഒടുവില്‍ പുറത്തായത്. വൈഭവ് പുറത്തായിട്ടും ജുറൈല്‍ അടിച്ചു കയറിയതോടെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതെത്തി.

രജത് പട്ടിദാറിന്‍റെ മികവിലാണ്  എട്ടുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആര്‍സിബി നേടിയത്. ഒരു ഘട്ടത്തില്‍ 125/7 എന്ന നിലയില്‍ ആയിരുന്ന ആര്‍സിബിക്ക് വെങ്കിടേഷ് അയ്യര്‍ ഇംപാക്ട് സബായി എത്തിയതോടെയാണ് വീണ്ടും ജീവന്‍ വച്ചത്. 15  പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 29  റണ്‍സ് 200 കടക്കാന്‍ ടീമിനെ സഹായിച്ചു.

ENGLISH SUMMARY:

Teenage prodigy Vaibhav Suryavanshi received special praise and an autographed cap from Virat Kohli following Rajasthan Royals' victory over RCB. The young batter played a fearless innings, scoring a rapid half-century to help RR chase down a target of 202 runs. Kohli's message on the cap read "Dear Vaibhav, Well Done," marking a memorable moment for the rising star. Vaibhav has now accumulated 200 runs in just four matches, including two 15-ball fifties against top-tier bowling attacks. His partnership with Dhruv Jurel was instrumental in Rajasthan reaching the top of the points table after securing a six-wicket win. Even rival captains like Hardik Pandya have lauded Vaibhav’s batting style and consistency in the ongoing tournament.