ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം  ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടംപിടിച്ചു. ഏപ്രിൽ 18, 19 തീയതികളിൽ പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ബി.സി.സി.ഐ അവസരമൊരുക്കും.

പുതുപ്പള്ളിയെക്കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സിൽച്ചാർ, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളും ഇതാദ്യമായാണ് ഫാൻ പാർക്കുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ 18 മുതൽ മെയ് 24 വരെ നീണ്ടുനിൽക്കുന്ന കായിക വിരുന്നിന്റെ ഭാഗമായാണ് വേദികൾ സജ്ജീകരിക്കുന്നത്.

കൂറ്റൻ സ്ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പ്ലേ സോണുകൾ എന്നിവയും ഫാൻ പാർക്കുകളിൽ സജ്ജീകരിക്കും. കൂടാതെ വിർച്വൽ ബാറ്റിംഗ് സോണുകൾ, ബൗളിംഗ് നെറ്റുകൾ, ഗെയിം ഷോകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഓരോ വേദികളിലും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

IPL 2026 Fan Parks are being set up by the BCCI to bring the excitement of the tournament to cricket fans across the country. This second phase includes 30 cities in 18 states and one union territory, with Puthuppally in Kerala's Kottayam district being a new addition.